ലണ്ടൻ: കോവിഡ് ഒമിക്രോൺ വകഭേദം പടരുന്ന സാഹചര്യത്തിൽ ലോകരാജ്യങ്ങൾ കടുത്ത നിയന്ത്രണത്തിലേക്ക് നീങ്ങുന്നതിനിടെ എല്ലാം തുറന്നിട്ട് ഇംഗ്ലണ്ട്. ഇനി മുതൽ രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
കോവിഡ് നിയന്ത്രണങ്ങളും മുൻകരുതലുകളും എല്ലാം പിൻവലിച്ച് കോവിഡിനെ വെറും സാധാരണ വൈറൽ പനിയായി കാണാനാണ് ഇംഗ്ളണ്ടിന്റെ നീക്കം.
ദിവസേന ഒരു ലക്ഷത്തിലേറെ ആളുകൾ രോഗികളാകുന്ന സ്ഥിതി നിലനിൽക്കുമ്പോഴും വാക്സീൻ നൽകുന്ന പ്രതിരോധത്തിൽ വിശ്വാസം അർപ്പിച്ചാണ് നിയന്ത്രണങ്ങൾ എല്ലാം ഓരോന്നായി പിൻവലിക്കുന്നത്.
കോവിഡിന്റെ പേരിൽ ഏർപ്പെടുത്തിയ വർക്ക് ഫ്രം ഹോം സംവിധാനം ഇനി നിലവിലുണ്ടാകില്ല. ഇതുസംബന്ധിച്ച മാർഗരേഖകൾ ഇന്ന് അവസാനിച്ചതായി പ്രധാനമന്ത്രി പാർലമെൻറിൽ പ്രഖ്യാപിച്ചു. സെക്കൻഡറി സ്കൂളുകളിലും ഇനി മാസ്കും നിർബന്ധമല്ല. അടുത്ത വ്യാഴാഴ്ച മുതൽ ഇംഗ്ലണ്ടിൽ പൊതുസ്ഥലത്തോ ഓഫിസുകളിലോ കടകളിലോ ഒന്നും മാസ്ക് നിർബന്ധമാകില്ല.
മാസ്ക് ധരിക്കുന്നത് നിർബന്ധമല്ലെങ്കിലും ജനത്തിരക്കുള്ള സ്ഥലങ്ങളിലും അപരിചിതരുമായി ഇടപഴകുമ്പോഴും മാസ്ക് ഉപയോഗിക്കുന്നത് ഉചിതമാകും എന്ന ഉപദേശം സർക്കാർ നൽകുന്നുണ്ട്. അതുപോലെ എൻഎച്ച്എസിനു കീഴിലുള്ള സ്ഥാപനങ്ങളിൽ വേണമെങ്കിൽ കോവിഡ് വാക്സിനേഷൻ പാസ് നിർബന്ധമാക്കാം.
നൈറ്റ് ക്ലബ്ബുകളിലും കളിസ്ഥലങ്ങളിലും ഗാലറികളിലും സിനിമാശാലകളിലും പ്രവേശിക്കാൻ കോവിഡ് പാസ് വേണമെന്ന നിർബന്ധനയും പിൻവലിച്ചിട്ടുണ്ട്.
രണ്ടു മീറ്റർ സോഷ്യൽ ഡിസ്റ്റൻസ് നിയന്ത്രണങ്ങൾ നേരത്തെ തന്നെ പിൻവലിച്ചിരുന്ന ഇംഗ്ലണ്ടിൽ പുതിയ ഇളവുകൾ കൂടിയാകുന്നതോടെ അടുത്തയാഴ്ച മുതൽ ജനജീവിതം പൂർണമായും സാധാരണ നിലയിലാകും.
രോഗവ്യാപനം തുടരുമ്പോഴും ആശുപത്രിയിലെത്തുന്നവരുടെയും മരണനിരക്കിലെയും കുറവ് ജനങ്ങൾ ഒമിക്രോണിനെ ഭയക്കാത്ത സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിച്ചു. നവംബറിനുശേഷം ആദ്യമായി രോഗവ്യാപന നിരക്കിലും കുറവുണ്ട്.
ഇംഗ്ലണ്ടിൽ ഇരുപതിൽ ഒരാൾക്ക് എന്ന നിലയിലാണ് രോഗവ്യാപനം. രോഗികളാകുന്നവർക്കുള്ള ഐസൊലേഷൻ നിയമങ്ങളിൽ നിലവിൽ മാറ്റമില്ല. എന്നാൽ മാർച്ച് അവസാനത്തോടെ ഇക്കാര്യത്തിലും കാര്യമായ ഇളവുകൾ ഉണ്ടാകുമെന്നാണ് സർക്കാർ നൽകുന്ന സൂചനകൾ. കോവിഡ് രോഗികളാകുന്നവർ നിർബന്ധമായും ഐസൊലേഷനു വിധേയരാകണം എന്ന നിയമം മാറ്റി ഇതിനെ ഉപേദശമോ ഗൈഡൻസോ ആക്കി മാറ്റണമെന്നാണ് സർക്കാരിന്റെ ആഗ്രഹമെന്ന് പ്രധാനമന്ത്രി പറഞ്ഞു.