ജനീവ : വാക്‌സീനെടുക്കാത്തവര്‍ക്ക് ഒമിക്രോണ്‍ അപകടകാരിയായ കോവിഡ് വകഭേദമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥാനം ഗബ്രിയേസസ്. ഇന്ത്യയിലടക്കം ലോകമെമ്പാടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിര്‍ണായക മുന്നറിയിപ്പ്.
“ഡെല്‍റ്റയും ഒപ്പം സംക്രമണ ശേഷി കൂടിയ ഒമിക്രോണ്‍ വകഭേദവും ലോകമാകെ പടര്‍ന്ന് പിടിക്കുകയാണ്. മിക്ക രാജ്യങ്ങളിലും ഡെല്‍റ്റയെ ഒമിക്രോണ്‍ മറികടക്കുന്ന അവസ്ഥയാണുള്ളത്. വാക്‌സീനെടുക്കാത്തവര്‍ ഒമിക്രോണ്‍ മൂലം കഷ്ടപ്പെടുമെന്നാണ് കരുതേണ്ടത്. ആഫ്രിക്കയില്‍ 85 ശതമാനം പേര്‍ക്കും ഇപ്പോഴും ഒരു ഡോസ് വാക്‌സീന്‍ പോലും ലഭിച്ചിട്ടില്ല. വാക്‌സിനേഷന്റെ കാര്യത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള അന്തരം നീക്കാതെ മാഹാമാരിയെ പിടിച്ചുകെട്ടാനാവില്ല.” അഥാനം പറഞ്ഞു.
Also read : രോഗികള്‍ക്കായി ഇരുമ്പ് മുറികള്‍ : ചൈനയില്‍ കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍ തിരിച്ചെത്തി
ലോകമെമ്പാടുമുള്ള കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവാണ് കഴിഞ്ഞ കുറച്ച് ആഴ്ചകളായി രേഖപ്പെടുത്തുന്നത്. ഇന്ത്യയില്‍ നിലവില്‍ രണ്ട് ലക്ഷത്തിനടുത്താണ് പ്രതിദിന കോവിഡ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറില്‍ 2.5 ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിന കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മിക്ക സംസ്ഥാനങ്ങളും വീണ്ടും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.