ബെല്ലി ഡാൻസ് കളിച്ചതിന്റെ പേരിൽ അധ്യാപികയെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. ഈജിപ്തിലാണ് അമ്പരപ്പിക്കുന്ന സംഭവം. ആയ യൂസഫ് എന്ന അധ്യാപികയാണ് ഓഫീസുമായി ബന്ധപ്പെട്ട ഒരു പരിപാടിക്കിടെ ബെല്ലി ഡാൻസ് ചെയ്തത്. ഇത് അവരുടെ അനുവാദമില്ലാതെ ഒരു സഹപ്രവർത്തകൻ പകർത്തി. വീഡിയോ വൈറലായതോടെയാണ് ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. ഇതിനു പുറമെ, ഇവരിൽ നിന്നും ഭർത്താവ് വിവാഹമോചനവും നേടി.
നൈൽ ഡെൽറ്റയിലെ ദകഹ്ലിയ ഗവർണറേറ്റിലെ പ്രൈമറി സ്‌കൂളിലാണ് ആയ യൂസഫ് ജോലി ചെയ്തിരുന്നത്. സ്‌കൂളിൽ അവർ വർഷങ്ങളോളം അറബി പഠിപ്പിക്കുകയായിരുന്നു. പുരുഷന്മാരായ ടീച്ചിംഗ് സ്റ്റാഫിനൊപ്പമാണ് അവൾ സംഗീതത്തിന് ചുവട് വയ്ക്കുന്നത്. ബെല്ലി ഡാൻസ് ഫറവോനിക് കാലഘട്ടം മുതലുള്ളതാണ് എന്ന് പറയപ്പെടുന്നുണ്ടെങ്കിലും സ്ത്രീകൾ പൊതുസ്ഥലത്ത് നൃത്തം ചെയ്യുന്നത് ഇപ്പോഴും കുറ്റകരമായി കാണുകയാണ് ഇവിടെ.
ഹെഡ്‌സ്‌കാർഫും മുഴുക്കൈ ഡ്രസും ധരിച്ചായിരുന്നു അധ്യാപിക ബെല്ലി ഡാൻസ് ചെയ്തിരുന്നത്. നദിയിലൂടെ ബോട്ടിലായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. എന്നിരുന്നാലും, വീഡിയോ വൈറലായതോടെ, ഈജിപ്ഷ്യൻ യാഥാസ്ഥിതികർക്കിടയിൽ ഇത് പ്രതിഷേധത്തിന് ഇടയാക്കുകയായിരുന്നു.
അവൾ ലജ്ജാകരമായി പ്രവർത്തിച്ചുവെന്നാണ് വിമർശകരുടെ വാദം. ‘നാം ജീവിക്കുന്ന മോശം കാലഘട്ടത്തെ ഇത് വ്യക്തമായി പ്രകടിപ്പിക്കുന്നു എന്തും അനുവദനീയമാണ് എന്ന അവസ്ഥയാണിവിടെ’ എന്ന് ഒരു ട്വിറ്റർ ഉപയോക്താവ് എഴുതി. ‘ഈജിപ്തിൽ വിദ്യാഭ്യാസം താഴ്ന്ന നിലയിലെത്തി’ എന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. ബന്ധപ്പെട്ട അധികാരികളുടെ ഇടപെടൽ വേണമെന്നും പലരും ആവശ്യപ്പെടുന്നുണ്ട്.
ജോലി ചെയ്തുകൊണ്ടിരുന്ന താൻ ഇനി ഒരിക്കലും നൃത്തം ചെയ്യില്ലെന്ന് സംഭവത്തെ തുടർന്ന് അവർ പ്രതിജ്ഞയെടുത്തിരിക്കുകയാണ്. അടുത്തിടെയുള്ള ഈ സംഭവ വികാസങ്ങൾ തനിക്ക് കഠിനമായ പരീക്ഷണകാലമായിരുന്നു എന്നും അതിനിടെ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്നും അവർ പറഞ്ഞു. ‘നൈൽ നദിയിലെ ബോട്ടിൽ ചെലവഴിച്ച ആ പത്ത് മിനിറ്റ് എന്റെ ജീവിതം തന്നെ നഷ്ടപ്പെടുത്തി’ അവർ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. ആയ യൂസഫിന് പിന്തുണയുമായി മറ്റൊരു സ്‌കൂളിന്റെ ഡെപ്യൂട്ടി ഹെഡ് മകളുടെ വിവാഹത്തിൽ നൃത്തം ചെയ്യുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
ഈജിപ്ഷ്യൻ സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള ഈജിപ്ഷ്യൻ സെന്റർ മേധാവി ഡോ. നിഹാദ് അബു കുംസാൻ, ആയ യൂസഫിന് അവരുടെ ഓഫീസിൽ ജോലി വാഗ്ദാനം ചെയ്യുകയും വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്ന് അവരുടെ കരാർ കൊണ്ടുവരാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പ്രതിഷേധങ്ങളും പിന്തുണകളും ഏറിയതോടെ ഇവരെ ജോലിയിലേയ്ക്ക് തിരിച്ചെടുത്തുവെന്ന റിപ്പോർട്ടുകളുമുണ്ട്.