ഫ്രാങ്ക്ഫർട്ട്: ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ടയാളെ വിളിച്ചു വരുത്തി വെട്ടി നുറുക്കി ശരീര ഭാഗം ഭക്ഷിച്ച സംഭവത്തിൽ നരഭോജിയായ 42കാരനായ അധ്യാപകന് ജീവപര്യന്തം. ബെർലിൻ കോടതിയാണ് സ്റ്റീഫൻ ആറിന് ശിക്ഷ വിധിച്ചത്. ജർമ്മനിയിലാണ് സംഭവം. സ്റ്റീഫൻ ആർ ഡേറ്റിംഗ് ആപ്ലിക്കേഷൻ വഴിയായിരുന്നു സ്റ്റീഫൻ ടി എന്നയാളെ പരിചയപ്പട്ടത്. ഇയാളെ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം മയക്കുമരുന്ന് നൽകി ബോധരഹിതനാക്കി.
ശേഷം് സ്റ്റീഫൻ ആർ ഇയാളുടെ കഴുത്തും ജനനേന്ദ്രിയവും മുറിച്ചു കളയുകയും ഇത് ഭക്ഷിക്കുകയുമായിരുന്നുവെന്നാണ് വിവരം. മൃതദേഹത്തിന്റെ ബാക്കി, കഷണങ്ങളാക്കി ബെർലിന്റെ വിവിധ ഭാഗങ്ങളിലായി പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. 2020 ലാണ് ക്രൂരത പുറംലോകമറിയുന്നത്. 2020 നവംബറിൽ സ്റ്റീഫൻ ടിയുടെ എല്ലിൻകഷണങ്ങൾ പാർക്കിൽ നിന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 43 കാരന്റെ മൃതദേഹാവശിഷ്ടമാണെന്ന് തിരിച്ചറിഞ്ഞത്.
കൊല്ലപ്പെട്ടയാളുടെ ഫോൺ കോളുകളും മറ്റു രേഖകളും പരിശോധിച്ചതോടെയാണ് അന്വേഷണം സ്റ്റീഫനിലേയ്ക്ക് എത്തിയത്. എന്നാൽ സ്വാഭാവികമരണമാണ് സ്റ്റീഫൻ ടി യുടേതെന്നാണ് സ്റ്റീഫൻ ആറിന്റെ അഭിഭാഷകന്റെ വാദം. സ്റ്റീഫൻ ആറിന്റെ വീട്ടിൽ വെച്ച് അയാൾ മരിക്കുകയായിരുന്നു. എന്നാൽ സ്വവർഗബന്ധം മറ്റുള്ളവർ അറിയുമോ എന്ന് ഭയന്ന് മൃതദേഹം വിവിധ ഭാഗങ്ങളാക്കി ഉപേക്ഷിക്കുകയായിരുന്നു എന്നും അഭിഭാഷകൻ വാദിച്ചിരുന്നു. തന്റെ 30 വർഷത്തെ സേവനത്തിൽ ഇതുപോലൊരു കേസ് മുന്നിൽ വന്നിട്ടില്ലെന്നായിരുന്നു ജഡ്ജ് മാത്തിസ് ഷെർട്‌സ് ജീവപര്യന്തം വിധിച്ചു കൊണ്ടു പറഞ്ഞു.