ലണ്ടന്‍ : കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ മതിയായ ജീവനക്കാരില്ലാത്ത ആശുപത്രികളിലേക്ക് സൈന്യത്തെ ഇറക്കി ബ്രിട്ടന്‍. ഒമിക്രോണ്‍ വകഭേദം കൂടി സ്ഥിരീകരിച്ചതോടെ രോഗികള്‍ നിറഞ്ഞൊഴുകിയ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും നഴ്‌സുമാരും ഇല്ലാതെ വന്നതോടെയാണ് ബ്രിട്ടീഷ് ഭരണകൂടം സൈന്യത്തിന്റെ സഹായം തേടിയത്.
ലണ്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്(എന്‍എച്ച്എസ്) ആശുപത്രികളിലാണ് സൈന്യത്തിന്റെ സേവനമുള്ളത്. 200 സൈനികര്‍ക്കാണ് കോവിഡ് ചുമതല. 40 സൈനിക ഡോക്ടര്‍മാര്‍ക്ക് പുറമെ 160 സാധാരാണ സൈനികരും കോവിഡ് ഡ്യൂട്ടിയിലുണ്ട്. അടുത്ത മൂന്നാഴ്ചത്തേക്കാണ് സൈനികരെ നിയമിച്ചിരിക്കുന്നത്.
ഒമിക്രോണ്‍ വകഭേദം പടര്‍ന്നു പിടിച്ചതോടെയാണ് ആശുപത്രികളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമമുണ്ടായത്. കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടിയതിനൊപ്പം പലയിടത്തും ആരോഗ്യ പ്രവര്‍ത്തകരും വലിയ തോതില്‍ വൈറസ് ബാധിതരാകുകയോ ഐസൊലേഷനിലേക്ക് മാറാന്‍ നിര്‍ബന്ധിതരാകുകയോ ചെയ്തതാണ് പ്രതിസന്ധിക്ക് കാരണം. ഇംഗ്ലണ്ടിലെ മറ്റ് ആശുപത്രികളിലേക്ക് വൈകാതെ സൈന്യത്തിന്റെ സേവനം തേടേണ്ടി വരുമെന്നാണ് വിവരം. മുമ്പുണ്ടായിരുന്ന തരംഗങ്ങളിലും ആശുപത്രികളില്‍ സൈന്യത്തിന്റെ സേവനമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം 1,79,756 കോവിഡ് കേസുകളാണ് ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ആഴ്ച മാത്രം പ്രതിദിന കോവിഡ് കേസുകളില്‍ 29 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. നിലവില്‍ 17,988 പേര്‍ കോവിഡിനെത്തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ടെന്നാണ് വിവരം.