ചരിത്ര നിമിഷം: പാകിസ്താന്‍ സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയായി അയിഷ മാലിക്

ലാഹോര്‍: പാകിസ്താനില്‍ ചരിത്ര നിമിഷം, സുപ്രീം കോടതിയില്‍ ആദ്യമായി ഒരു വനിതാ ജഡ്ജി. ലാഹോര്‍ ഹൈക്കോടതി ജഡ്ജിയായിരുന്ന അയിഷ മാലിക് ആണ് അപൂര്‍വനേട്ടം സ്വന്തമാക്കിയത്.

ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദ് അധ്യക്ഷനായ പാകിസ്താന്‍ ജുഡീഷ്യല്‍ കമ്മീഷനാണ് അയിഷയുടെ നിയമനത്തിന് അംഗീകാരം നല്‍കിയത്. നാലിനെതിരെ അഞ്ചു വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് അയിഷയെ സുപ്രീം കോടതി ജഡ്ജിയാക്കിയത്.

ഇത് രണ്ടാം തവണയാണ് അയിഷ മാലിക്കിന്റെ സ്ഥാനക്കയറ്റം സംബന്ധിച്ച തീരുമാനമെടുക്കാന്‍ പാകിസ്താന്‍ ജുഡീഷ്യല്‍ കമ്മീഷന്‍ യോഗം ചേരുന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് പാക് ജുഡീഷ്യല്‍ കമ്മീഷനു മുമ്പാകെ അയിഷ മാലിക്കിന്റെ പേര് ആദ്യമായി വരുന്നത്. പക്ഷേ, പാനല്‍ തുല്യഅംഗങ്ങള്‍ ഇരുവിഭാഗങ്ങളായി തിരിഞ്ഞതോടെ സ്ഥാനാര്‍ഥിത്വം നിരസിക്കപ്പെടുകയായിരുന്നു.

അതിനിടെ അയിഷയുടെ നിയമനത്തില്‍ സീനിയോറിറ്റി പ്രശ്‌നം ആരോപിച്ച് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ രംഗത്തെത്തി. അയിഷ തിരഞ്ഞെടുക്കപ്പെട്ടതില്‍ പ്രതിഷേധം അറിയിച്ച് പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് അഫ്രീദി രാജ്യമെമ്പാടും പ്രതിഷേധം സംഘടിപ്പിച്ചു.

രാജ്യത്തെ അഞ്ച് ഹൈക്കോടതികളില്‍ ജഡ്ജുമാരായിരിക്കുന്നവരേക്കാള്‍ ചെറുപ്പമാണ് അയിഷയ്ക്കെന്ന് അബ്ദുല്‍ ലത്തീഫ് അഫ്രീദി ആരോപിച്ചു. മാര്‍ച്ച് 2012-ലാണ് അയിഷ മാലിക്ക് ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നത്. നിലവില്‍ ലാഹോര്‍ ഹൈക്കോടതി ജഡ്ജി സീനിയോറിറ്റി പട്ടികയില്‍ നാലാം സ്ഥാനത്താണ് അയിഷ മാലിക്. 2031 വരെ അയിഷ മാലിക്കിന് സുപ്രീം കോടതി ജഡ്ജിയായി തുടരാനാകും.

Exit mobile version