ഹോങ്കോങ് : നഗരത്തില്‍ ഒമിക്രോണ്‍ വ്യാപനം സ്ഥിരീകരിച്ചതോടെ ഇന്ത്യയടക്കം എട്ട് രാജ്യങ്ങളില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തലാക്കി ഹോങ്കോങ്. ഓസ്‌ട്രേലിയ, കാനഡ, ഫ്രാന്‍സ്, പാകിസ്താന്‍, ഫിലിപ്പീന്‍സ്,യുകെ, യുഎസ് എന്നിവിടങ്ങളാണ് ഇന്ത്യ ഒഴികെയുള്ള മറ്റ് രാജ്യങ്ങള്‍.
കാഥേ പസഫിക് എന്ന എയര്‍ലൈന്റെ സ്റ്റാഫില്‍ സ്ഥിരീകരിച്ച വൈറസ് അതിവേഗം മറ്റുള്ളവരിലേക്ക് വ്യാപിച്ച സാഹചര്യത്തിലാണ് വിമാനത്താവളത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തത്.വിമാന സര്‍വീസ് റദ്ദാക്കിയത് കൂടാതെ രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബാറുകളും ജിമ്മുകളും സായാഹ്ന റസ്റ്ററന്റുകളും പ്രവര്‍ത്തിക്കുന്നതിന് ഹോങ്കോങ്ങില്‍ വിലക്കുണ്ട്. ചൈനയെപ്പോലെ അതിര്‍ത്തികള്‍ അടയ്ക്കുകയും, ആഴ്ചകള്‍ നീളുന്ന ക്വാറന്റീന്‍ ഏര്‍പ്പെടുത്തുകയും, വ്യാപക പരിശോധനകളുമൊക്കെ ഹോങ്കോങ്ങിലും വീണ്ടും ആവിഷ്‌കരിച്ചിരിക്കുകയാണ്. പൊതു പരിപാടികള്‍ നടത്താനുള്ള അനുമതിയും സര്‍ക്കാര്‍ നല്‍കുന്നില്ല.
ചൊവ്വാഴ്ച മാത്രം 114 ഒമിക്രോണ്‍ കേസുകളാണ് നഗരത്തില്‍ സ്ഥിരീകരിച്ചത്. മിക്കവരിലും വിമാനത്താവളത്തില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത് എന്നതിനാല്‍ 21 ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് നിര്‍ബന്ധമാണ്.