വാഷിംഗ്ടണ്‍ : അമേരിക്കയില്‍ ആശങ്കയുയര്‍ത്തി കോവിഡ് വ്യാപനം.വെള്ളിയാഴ്ച മാത്രം പത്ത് ലക്ഷം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇത്രയധികം കോവിഡ് കേസുകള്‍ ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ രാജ്യമായി അമേരിക്ക.
കഴിഞ്ഞയാഴ്ച യുഎസില്‍ 5,90,000 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന സ്ഥാനത്താണ് വെള്ളിയാഴ്ച ഇരട്ടി കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. 1,083,948 കേസുകളാണ് വെള്ളിയാഴ്ചത്തെ പ്രതിദിന കണക്ക്. രണ്ട് വര്‍ഷം മുമ്പ് മഹാമാരി തുടങ്ങിയതിന് ശേഷം റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ പ്രതിദിന കണക്കാണിത്.
അതേസമയം കേസുകളില്‍ വര്‍ധനവുണ്ടെങ്കിലും ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം കുറവാണെന്നതാണ് ആശ്വാസകരമായ കാര്യം. ഭൂരിഭാഗം പേരും വീട്ടില്‍ തന്നെയാണ് ചികിത്സയിലുള്ളത്. കൂടുതല്‍ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യാത്തതും പരിഭ്രാന്തി കുറയ്ക്കുന്നു.
Also read : രാജ്യത്ത് കൊവിഡ് 19 വ്യാപനം അതിതീവ്രം;നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാനങ്ങൾ
ഇത്രയധികം പേരില്‍ വൈറസ് ബാധയുണ്ടായത് രാജ്യത്തെ ആകമാനം ബാധിച്ചിട്ടുണ്ട്. ക്രിസ്മസ് അവധി കഴിഞ്ഞെങ്കിലും പല സ്കൂളുകളും തുറന്നിട്ടില്ല. ഫ്ളൈറ്റുകള്‍ റദ്ദാക്കുന്നതും ഓഫീസുകള്‍ അടച്ചിടുന്നതും പതിവായിട്ടുണ്ട്.95 ശതമാനം കേസുകളിലും ഒമിക്രോണ്‍ വകഭേദമാണ് കണ്ടെത്തിയിരിക്കുന്നത്.
അമേരിക്കയില്‍ മുമ്പുണ്ടായ കോവിഡ് തരംഗങ്ങളില്‍ 2,58000 ആയിരുന്നു പ്രതിദിന കണക്കുകളിലെ കൂടിയ ശരാശരി. സാമ്പത്തിക മേഖല തകര്‍ച്ചയിലേക്ക് പോകാത്ത വിധത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബൈഡന് സര്‍ക്കാര്‍ ഏറെ കഷ്ടപ്പെടേണ്ടിയും വന്നു.
Discussion about this post