റിയോ : ബ്രസീലിന്റെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളിലുള്ള വീഴ്ചകള്‍ക്കും വാക്സീന് വിരുദ്ധ പരാമര്‍ശനങ്ങള്‍ക്കും ഏറെ പഴി കേള്‍ക്കുന്നതിനിടെ വാക്സീനെതിരെ വീണ്ടും വിവാദ പ്രസ്താവനയുമായി ബ്രസീലിയന്‍ പ്രസിഡന്റ് ജെയ്ര് ബോള്‍സൊനാരോ. സ്വന്തം മകള്‍ക്ക് കോവിഡ് വാക്സീന് നല്‍കില്ലെന്ന പ്രസ്താവനയാണ് ബോള്‍സൊനാരോയെ വീണ്ടും വിവാദത്തിലാക്കിയിരിക്കുന്നത്.
കുട്ടികള്‍ക്ക് വാക്സിനെടുക്കേണ്ടുന്ന അവസ്ഥ നിലവിലെ സാഹചര്യത്തിലില്ല എന്നായിരുന്നു ബോള്‍സൊനാരോയുടെ പ്രസ്താവന. കുട്ടികളുടെ വാക്സീന് ബ്രസീലിലെ പ്രധാന ചര്‍ച്ചാ വിഷയം ആയിക്കൊണ്ടിരിക്കേയാണ് ബോള്‍സൊനാരോ വിവാദ നിലപാടെടുത്തിരിക്കുന്നത്. അഞ്ചിനും പതിനൊന്ന് വയസ്സിനുമിടയില്‍ 301 കുട്ടികളാണ് കോവിഡ് ബാധിച്ച് ബ്രസീലില്‍ ഇതുവരെ മരിച്ചിട്ടുള്ളതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍.
ഈ പ്രായപരിധിയിലുള്ള കുട്ടികളില്‍ ഫൈസര്‍ വാക്സീന് ഉപയോഗത്തിന് അനുമതി നല്‍കിയതിന് ഹെല്‍ത്ത് റഗുലേറ്റര്‍ അന്വിസയ്ക്കെതിരെ ബോള്‍സൊനാരോ അനുഭാവികള്‍ വധഭീഷണി വരെ ഉയര്‍ത്തിയിരുന്നു. എരി തീയില്‍ എണ്ണയൊഴിക്കുന്ന വണ്ണം വാക്സീന് ഉപയോഗത്തിനുള്ള അനുമതി പത്രത്തില്‍ ഒപ്പിട്ടവരുടെ പേരുകള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കും എന്ന് ബോള്സൊണാരോയും പ്രഖ്യാപിച്ചു.
ജനുവരി അഞ്ച് മുതല്‍ കുട്ടികള്‍ക്ക് വാക്സീനെടുക്കാം എന്ന ആരോഗ്യമന്ത്രി ക്വിറോഗയുടെ പ്രഖ്യാപനത്തോട് പ്രതികരിച്ചുകൊണ്ടായിരുന്നു ബോള്‍സൊനാരോയുടെ പുതിയ പ്രസ്താവന. ആരോഗ്യമന്ത്രിയുടെ തീരുമാനത്തില്‍ നിയമപരമായ ഇടപെടലുകള്‍ ഇല്ലെന്ന് വിശ്വസിക്കുന്നുവെന്നും കാരണമെന്തെന്നാല്‍ ഞാനെന്റെ മകള്‍ക്ക് വാക്സീന് നല്‍കില്ലെന്നുമായിരുന്നു ബോള്‍സൊനാരോയുടെ വാക്കുകള്‍.
Discussion about this post