യാങ്കൂണ്‍ : ആഭ്യന്തര സംഘര്‍ഷം രൂക്ഷമാകുന്ന മ്യാന്മറില് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ മുപ്പതിലേറ പേരെ സൈന്യം വെടിവെച്ചു കൊന്നതായി റിപ്പോര്‍ട്ട്.
സംഘര്‍ഷഭരിത സംസ്ഥാനമായ കയയിലാണ് സംഭവം. ഞായറാഴ്ച കയയിലെ മോസോ ഗ്രാമത്തിന് സമീപം സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പടെയുള്ളവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. വികൃതമാക്കിയ ശേഷം കത്തിച്ച നിലയിലായിരുന്നു മൃതശരീരങ്ങള്‍. സംഭവത്തിന് പിന്നില്‍ സൈന്യമാണെന്ന് സ്ഥലത്തെ പ്രാദേശിക മനുഷ്യാവകാശ സംഘടനയാണ് വെളിപ്പെടുത്തിയത്.
ആയുധങ്ങളുമായെത്തിയ ഒരു വലിയ സംഘം തീവ്രവാദികളെ വെടിവെച്ച് കൊന്നുവെന്നും ഇവര്‍ പ്രാദേശിക തീവ്രവാദ സംഘത്തില്‍പ്പെട്ടവരാണെന്നും മ്യാന്മര് സൈന്യം പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ കൊല്ലപ്പെട്ടവര്‍ സാധാരണക്കാരായ പൗരന്മാരാണെന്നും തങ്ങളുടെ പ്രസ്ഥാനവുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും സൈന്യത്തിനെതിരെ പോരാടുന്ന സായുധ സംഘടനയായ കാറന്നി നാഷണല്‍ ഡിഫന്‍സ് ഫോഴ്സ് വ്യക്തമാക്കി.
സംഭവത്തില്‍ മൊത്തം മുപ്പത്തിയെട്ട് പേര് കൊല്ലപ്പെട്ടതായാണ് പ്രദേശവാസികള്‍ അറിയിച്ചിരിക്കുന്നത്.
Discussion about this post