കാബൂള്‍ : കുടുംബത്തിലെ പുരുഷാംഗം ഒപ്പമില്ലാതെ സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് സഞ്ചരിക്കാനനുവാദമില്ലെന്ന് താലിബാന്. 72 കിലോമീറ്ററിലധികം ദൂരം സ്ത്രീകള്‍ തുണയില്ലാതെ യാത്ര ചെയ്യരുതെന്നാണ് താലിബാന് ഞായറാഴ്ച പുറത്തിറക്കിയ ഉത്തരവ്.
കുടുംബത്തിലെ അടുത്ത പുരുഷാംഗം കൂടെയില്ലാതെ ദൂരയാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് ലിഫ്റ്റ് നല്‍കരുതെന്നും ഹിജാബ് ധരിച്ച സ്ത്രീകള്‍ക്ക് മാത്രമേ ലിഫ്റ്റ് നല്‍കാവൂ എന്നും മന്ത്രിസഭ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിലുണ്ട്. ദൂരയാത്ര ചെയ്യുന്ന സ്ത്രീകള്‍ അടുത്ത ബന്ധുവിനൊപ്പം മാത്രമേ യാത്ര ചെയ്യാവൂ എന്ന് മന്ത്രിസഭാ വക്താവ് സദേക് അകിഫ് മുഹാജിര്‍ നേരിട്ടും ജനങ്ങളെ അറിയിച്ചതായാണ് വിവരം.
ചെറിയ ദൂരങ്ങള്‍ അല്ലാത്തവയ്ക്ക് പുരുഷന്റെ കൂടെയല്ലാതെ യാത്ര അനുവദിക്കാന്‍ സാധിക്കില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതുകൂടാതെ യാത്ര ചെയ്യാന്‍ സ്ത്രീകള്‍ ഹിജാബ് ധരിക്കണമെന്നും വാഹനങ്ങളില്‍ സംഗീതം പാടില്ലെന്നും ഉത്തരവുണ്ട്. സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളുടെ പതിപ്പുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.
സ്ത്രീകള്‍ അഭിനയിക്കുന്ന സീരിയലുകള്‍ക്കും ടിവി ഷോകള്‍ക്കും വിലക്കേര്‍പ്പെടുത്തിയ ഉത്തരവിന് പിന്നാലെയാണ് സ്ത്രീകള്‍ക്കെതിരെ നിര്‍ദേശങ്ങള്‍ കര്‍ശനമാക്കിക്കൊണ്ടുള്ള താലിബാന്റെ പുതിയ ഉത്തരവ്.
Discussion about this post