ബെയ്ജിങ് : തെക്കന്‍ ചൈനയിലെ ഗാന്‍ഷൗവില്‍ നിന്ന് ഫോസിലൈസ് ചെയ്ത മുട്ടയ്ക്കുള്ളില്‍ വിരിയാന്‍ പാകത്തിന് സുരക്ഷിതമായി ഡൈനോസര്‍ ഭ്രൂണം കണ്ടെത്തി ഗവേഷകര്‍. ആറ് കോടി വര്‍ഷമായി നാശം സംഭവിക്കാതെയിരിക്കുന്ന ഭ്രൂണത്തെ അതിശയം എന്നാണ് ശാസ്ത്രലോകം വിശേഷപ്പിച്ചിരിക്കുന്നത്.
പല്ലുകളില്ലാത്ത തെറോപോഡ് ഡൈനോസറിന്റെയോ ഒവിറാപ്‌റ്റോറൊസര്‍ ഡൈനോസറിന്റെയോ ഭ്രൂണമാകാം ഇതെന്നാണ് നിഗമനം.ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ മൂന്ന് മീറ്റര്‍ വരെ നീളം വയ്ക്കുന്ന ഇവ സസ്യാഹാരിയാണ്. ചരിത്രത്തില്‍ ഇതുവരെ ലഭിച്ചതില്‍ വച്ച് ഏറ്റവും പൂര്‍ണമായതും മികച്ച രീതിയില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നതുമായ ഭ്രൂണമാണിതെന്ന് ഗവേഷണ സംഘത്തിലെ ഡോ.ഫിയോണ്‍ വൈസം മായെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി
റിപ്പോര്‍ട്ട് ചെയ്തു. ഭ്രൂണത്തിന് ബേബി യിങ്‌ലിയാങ് എന്നാണ് പേരിട്ടിരിക്കുന്നത്.
തല മുതല്‍ വാലുവരെ 27 സെമി(10.6 ഇഞ്ച്) നീളമുള്ള ഭ്രൂണം 6.7 ഇഞ്ച് നീളമുള്ള മുട്ടയ്ക്കുള്ളിലാണ് സംരക്ഷിക്കപ്പെട്ടിരുന്നത്. 2000ല്‍ കണ്ടെത്തിയ മുട്ട യിങ് ലിയാങ് സ്റ്റോണ്‍ നേച്ചര്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്നതായിരുന്നു. മ്യൂസിയം നവീകരണത്തിന്റെ ഭാഗമായി പഴയ ഫോസിലുകള്‍ വേര്‍തിരിക്കവേയാണ് മുട്ട വീണ്ടും ശ്രദ്ധയില്‍പ്പെടുന്നത്. മുട്ടയ്ക്കുള്ളില്‍ ഭ്രൂണമുണ്ടെന്ന നിഗമനത്തില്‍ നടത്തിയ പഠനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയായിരുന്നു..ഇത്തരത്തില്‍ നിരവധി മുട്ടകളാണ് മ്യൂസിയത്തില്‍ ശ്രദ്ധിക്കപ്പെടാതെ കിടക്കുന്നത്. ഇവ കണ്ടെത്തുകയാണെങ്കില്‍ ബേബി യിങ്‌ലിയാങിനെപ്പോലെ നിരവധി ഭ്രൂണങ്ങള്‍ ഒരു പക്ഷേ കണ്ടെത്തിയേക്കാം.
Our little one has just arrived. Welcome Baby Yingliang, a gorgeous fossil dinosaur embryo preserved inside its egg!
You're looking here at a baby dinosaur, not too long before it would have hatched. pic.twitter.com/NtXE8XODjT— Steve Brusatte (@SteveBrusatte) December 21, 2021
മുട്ടയ്ക്കുള്ളില്‍ പ്രത്യേക രീതിയില്‍ ചുരുണ്ടുകിടക്കുന്ന നിലയിലാണ് ഭ്രൂണം കണ്ടെത്തിയത്. ടക്കിങ് എന്നറിയപ്പെടുന്ന ഇതേ രീതിയിലാണ് പക്ഷിക്കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങുന്നതിന് തൊട്ടുമുമ്പും കാണപ്പെടുന്നത്. ആധുനിക കാലത്ത് പക്ഷികളുടെ ഇത്തരം സവിശേഷതകള്‍ പൂര്‍വികരായ ഡൈനോസറുകളില്‍ നിന്ന് തന്നെ പരിണമിച്ചിരുന്നുവെന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്നും ഡോ. വൈസം മാ അറിയിച്ചു.
ഡൈനോസറുകളും ഇന്നത്തെ പക്ഷികളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ ഇപ്പോള്‍ കണ്ടെത്തിയ ഭ്രൂണത്തിന് കഴിയുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. അത്യാധുനിക സാങ്കേതിക വിദ്യയോടെ ബേബി യിങ്‌ലിയാങിനെ പഠനത്തിന് വിധേയമാക്കാനാണ് ശാസ്ത്രലോകത്തിന്റെ തീരുമാനം. തലയോട്ടിയുള്‍പ്പടെ ഭ്രൂണത്തിന്റെ മിക്ക ശരീര ഭാഗങ്ങളും മണ്ണും കല്ലും കൊണ്ട് മൂടപ്പെട്ട നിലയിലാണ്.