സിയോള്‍ : ദക്ഷിണകൊറിയയില്‍ നിന്നുള്ള വീഡിയോകള്‍ കാണുകയോ പ്രചരിപ്പിക്കുകയോ ചെയ്തതിന് കിം ജോങ് ഉന്‍ മൂന്ന് വര്‍ഷത്തിനിടെ വധിച്ചത് ഏഴ് പേരെയെന്ന് റിപ്പോര്‍ട്ട്. ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സിയോള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടന ട്രാന്‍സിഷണല്‍ ജസ്റ്റിസ് വര്‍ക്കിങ് ഗ്രൂപ്പ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഏഴില്‍ ആറ് പേരും 2012 മുതല്‍ 2014 വരെയുള്ള കാലയളവിലാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഒരാളെ 2015ലും വധിച്ചു. ദക്ഷിണകൊറിയയില്‍ നിന്നുള്ള സിനിമകളും സംഗീത വീഡിയോകളും ഉള്‍ക്കൊള്ളുന്ന സിഡികളും പെന്‍ഡ്രൈവുകളും വില്‍പന നടത്തിയതിന് ഈ വര്‍ഷം മേയ് മാസത്തില്‍ ഉത്തര കൊറിയ ഒരാളെ പരസ്യമായി വധശിക്ഷയ്ക്ക് വിധേയനാക്കിയതായി ദക്ഷിണ കൊറിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 683 ഉത്തര കൊറിയക്കാരുമായി അഭിമുഖം നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം ഇക്കാലയളവില്‍ ആകെ 27 വധശിക്ഷകളാണ് ഉത്തര കൊറിയ നടപ്പാക്കിയത്. മയക്കുമരുന്ന് ഇടപാട്, വ്യഭിചാരം, മനുഷ്യക്കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കായിരുന്നു ശിക്ഷ. ഉത്തരകൊറിയയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര ശ്രദ്ധ തിരിയുന്ന സാഹചര്യത്തില്‍ വധശിക്ഷകള്‍ രഹസ്യമായി നടത്താന്‍ ആരംഭിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ആളുകള്‍ കൂടാന്‍ സാധ്യതയുള്ള പൊതുയിടങ്ങളിലാണ് ഉത്തരകൊറിയ മുമ്പ് വധശിക്ഷകള്‍ നടപ്പിലാക്കിയിരുന്നത്. രാജ്യത്ത് നിയമം ലംഘിച്ചാലുള്ള വരുംവരായ്കകളെ പറ്റി ജനങ്ങളില്‍ ഭയം ജനിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ പിന്നീട് ഇതിനെതിരെ ആഗോള വ്യാപകമായി പ്രതിഷേധമുയര്‍ന്നതോടെ രാജ്യത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും സാറ്റലൈറ്റ് വീക്ഷണം എത്താന്‍ സാധ്യതയുള്ള ഇടങ്ങളില്‍ നിന്നും ഉത്തരകൊറിയ വധശിക്ഷകള്‍ മാറ്റി.
വധശിക്ഷ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരാതിരിക്കുന്നു എന്നതുകൊണ്ട് മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നു എന്ന് അര്‍ഥമാക്കുന്നില്ലെന്നും ഭരണകൂട കൊലപാതകങ്ങള്‍ മുമ്പത്തേതുപോലെ പരസ്യമല്ലാതായി എന്നതുമാത്രമാണ് മാറ്റമെന്നും റിപ്പോര്‍ട്ട് തയ്യാറാക്കിയ സംഘത്തിലെ പാര്‍ക്ക് ആയോങ് അഭിപ്രായപ്പെട്ടു. രാജ്യത്ത് ജയില്‍ ക്യാമ്പുകള്‍ ഇല്ലെന്ന വാര്‍ത്ത ഉത്തര കൊറിയ നേരത്തേ തന്നെ നിഷേധിച്ചിരുന്നു. മനുഷ്യാവകാശങ്ങളെ വിമര്‍ശിച്ചുകൊണ്ട് പാശ്ചാത്യരാജ്യങ്ങള്‍ തങ്ങളോട് ശത്രുതാപരമായ നയമാണ് പ്രയോഗിക്കുന്നതെന്നും ഉത്തര കൊറിയ കുറ്റപ്പെടുത്തിയിരുന്നു.
Discussion about this post