മിയാമി : ലോകത്തെ ഏറ്റവും വലിയ ആഡംബരക്കപ്പലായ റോയല്‍ കരീബിയന്‍സിന്റെ സിംഫണി ഓഫ് ദി സീസിലെ 48 യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആറായിരത്തിലധികം യാത്രക്കാരുണ്ടായിരുന്ന കപ്പലില്‍ ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടും ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്കകള്‍ക്കിടയാക്കിയിരിക്കുകയാണ്.
കപ്പലിലുള്ള ഒരു യാത്രക്കാരന് ആദ്യം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പരിശോധനയിലാണ് കൂടുതല്‍ പേരില്‍ രോഗബാധയുള്ളതായി കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ചവരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. കപ്പലിലുള്ള 95ശതമാനം പേരും രോഗം സ്ഥിരീകരിച്ചവരില്‍ 98 ശതമാനവും പൂര്‍ണമായും പ്രതിരോധ കുത്തിവയ്പ്പെടുത്തവരാണ്.
Also read : “2014ന് മുമ്പ് ആള്‍ക്കൂട്ടക്കൊലപാതകം എന്ന് കേട്ടിട്ട് പോലുമില്ല, നന്ദി മോഡിജീ” : രാഹുല്‍ ഗാന്ധി
ഡിസംബര്‍ 11ന് മിയാമിയില്‍ നിന്നാണ് കപ്പല്‍ പുറപ്പെട്ടത്. കരീബിയന്‍ തുറമുഖങ്ങളായ സെന്റ് മാര്‍ട്ടന്‍, സെന്റ് തോമസ് എന്നിവിടങ്ങളും റോയല്‍ കരീബിയന്‍ സ്വകാര്യ ദ്വീപായ കൊക്കോകേയിലുമായിരുന്നു കപ്പലിന്റെ സന്ദര്‍ശന സ്ഥലങ്ങള്‍. യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കപ്പല്‍ മിയാമിയിലേക്ക് തിരിച്ചതായാണ് വിവരം. നേരത്തേ കോവിഡ് പോസിറ്റീവായ ആറ് പേരെ കപ്പലില്‍ നിന്ന് തിരികെ വീട്ടിലെത്തിച്ചിരുന്നു. ബാക്കിയുള്ളവര്‍ കപ്പലില്‍ തന്നെ ക്വാറന്റീനില്‍ കഴിയുകയാണ്.
Discussion about this post