വാഷിംഗ്ടണ്‍ : യുഎസില്‍ ഒരാഴ്ചയ്ക്കിടെ മൂന്ന് ശതമാനത്തില്‍ നിന്ന് എഴുപത്തിമൂന്ന് ശതമാനത്തിലെത്തി ഒമിക്രോണ്‍ കേസുകള്‍. ഈ ആഴ്ച റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ ഏഴ് ശതമാനവും ഒമിക്രോണ്‍ വകഭേദമാണ്.
ഒമിക്രോണ്‍ മൂലം വീണ്ടും അതിവേഗ വ്യാപനമുണ്ടാകുമോയെന്ന ആശങ്കയിലാണ് രാജ്യം. കഴിഞ്ഞ ആഴ്ച വരെ വ്യാപനത്തില്‍ മുന്നില്‍ നിന്നിരുന്ന ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപന തോത് ഇപ്പോള്‍ 27 ശതമാനമാണ്. ഒമിക്രോണ്‍, രോഗികളെ ഡെല്‍റ്റയേക്കാള്‍ ഗുരുതരമായ അവസ്ഥയിലെത്തിക്കുമെന്നതിന് ഇതുവരെ തെളിവുകളില്ലെങ്കിലും രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചാല്‍ ആശുപത്രികളില്‍ ഇടമില്ലാതാകും.
ഒമിക്രോണ്‍ രോഗികളുടെ എണ്ണത്തിലെ വര്‍ധനവ് പ്രതീക്ഷിച്ചതാണെന്നും ലോകത്താകമാനം സമാനമായ സാഹചര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പ്രതികരിച്ചു. യുഎസിലെ ചില പ്രദേശങ്ങളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളെല്ലാം ഒമിക്രോണ്‍ ആണ്. ന്യൂയോര്‍ക്കിലും ന്യൂജഴ്‌സിയിലും 92 ശതമാനമാണ് ഒമിക്രോണിന്റെ വര്‍ധന. വാഷിംഗ്ടണില്‍ 96 ശതമാനം.
ഒമിക്രോണിനെതിരെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് അധികൃതര്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നാം ഡോസ് പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്നാണ് വാക്‌സീന്‍ നിര്‍മാതാക്കളായ മോഡേണയും ഫൈസറുമുള്‍പ്പടെ അറിയിച്ചിരിക്കുന്നത്.
Discussion about this post