വിയന്ന : കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദം 89 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന. ഒമിക്രോണ്‍ കേസുകള്‍ ഡെല്‍റ്റയേക്കാള്‍ അതിവേഗം വ്യാപിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നതെന്നും സമൂഹവ്യാപനവും മിക്കയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഡബ്ല്യൂഎച്ച്ഒ അറിയിച്ചു.
കേസുകളുടെ എണ്ണത്തില്‍ ഒമിക്രോണ്‍ ഡെല്‍റ്റയെ മറികടക്കാനാണ് സാധ്യത. സമൂഹവ്യാപനം സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ ഒന്നര, മൂന്ന് ദിവസത്തിനകം വൈറസ് ബാധിതരുടെ എണ്ണം ഇരട്ടിയാകുന്നതായി ഡബ്ല്യൂഎച്ച്ഒ വ്യക്തമാക്കിയിട്ടുണ്ട്. വാക്‌സിനേഷന്‍ നിരക്ക് കൂടുതലുള്ള സ്ഥലങ്ങളില്‍ പോലും ഒമിക്രോണ്‍ അതിവേഗത്തിലാണ് വ്യാപിക്കുന്നത്. വാക്‌സീനെ മറികടക്കാന്‍ ശേഷിയുള്ളതിനാലാണോ മറ്റ് വകഭേദങ്ങളേക്കാള്‍ വ്യാപനശേഷിയുള്ളതിനാലാണോ വൈറസ് അതിവേഗം വ്യാപിക്കുന്നതെന്ന് വ്യക്തമല്ല.
വ്യാപനം രൂക്ഷമായതോടെ യൂറോപ്യന്‍ രാജ്യങ്ങള്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നു. ഫ്രാന്‍സില്‍ ക്രിസ്മസിന് മുമ്പ് എല്ലാവരും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണം എന്നാണ് നിര്‍ദേശം. കൂടാതെ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായുളള പൊതുപരിപാടികളും വെടിക്കെട്ടും ഫ്രാന്‍സ് നിരോധിച്ചു.യുകെ ഉള്‍പ്പടെ യൂറോപ്യന്‍ യൂണിയന് കീഴിലുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഫ്രാന്‍സില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്.
ഡെന്‍മാര്‍ക്കില്‍ തിയേറ്ററുകളും അമ്യൂസ്‌മെന്റ് പാര്‍ക്കുകളും മ്യൂസിയങ്ങളും അടച്ചു. അയര്‍ലന്‍ഡില്‍ രാത്രി 8ന് ശേഷം കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നെതര്‍ലന്‍ഡ്‌സ് സമ്പൂര്‍ണ ലോക്ഡൗണിലേക്ക് നീങ്ങിയേക്കുമെന്നാണ് സൂചന. യുകെയില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാസ്‌ക് നിര്‍ബന്ധമാക്കിയതിന് പുറമേ യുകെയില്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്ക് വാക്‌സിനേഷന്‍ അല്ലെങ്കില്‍ കോവിഡ് നെഗറ്റീവ് രേഖ നിര്‍ബന്ധമാക്കി.