പാരിസ് : ഒമിക്രോണ്‍ വ്യാപനം മിന്നല്‍ വേഗത്തിലെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കാസ്റ്റക്‌സ്. യൂറോപ്പില്‍ ഒമിക്രോണ്‍ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഫ്രാന്‍സില്‍ പുതുവത്സരാഘോഷങ്ങള്‍ അടക്കമുള്ളവയ്ക്ക് അധികൃതര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.
മറ്റൊരു ലോക്ഡൗണ്‍ ഒഴിവാക്കാന്‍ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും ക്രിസ്മസ് ഉള്‍പ്പടെയുള്ള അവധി ആഘോഷങ്ങള്‍ക്ക് മുമ്പായി എല്ലാവരും വാക്‌സീന്‍ സ്വീകരിക്കണമെന്നുമാണ് അധികൃതരുടെ നിര്‍ദേശം. അഞ്ചാം തരംഗം വന്‍ ശക്തിയോടെ എത്തിയിരിക്കുകയാണെന്നും അടുത്ത മാസം ആദ്യത്തോടെ രാജ്യത്ത് വൈറസ് ബാധ വന്‍തോതില്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും വാര്‍ത്താ സമ്മേളനത്തില്‍ ജീന്‍ കാസ്റ്റക്‌സ് പറഞ്ഞു.
വൈറസ് വ്യാപനം തടയാന്‍ ഫ്രാന്‍സില്‍ പുതുവത്സര ആഘോഷത്തിന്റെ ഭാഗമായുള്ള പൊതു പരിപാടികളും വെടിക്കെട്ടുകളും നിരോധിച്ചു. ക്രിസ്മസിന്റെ ഭാഗമായുള്ള ആഘോഷങ്ങളിലും ഒത്തുകൂടലുകളിലും പരമാവധി ആളുകളെ കുറയ്ക്കണമെന്നാണ് നിര്‍ദേശം. ഒമിക്രോണ്‍ കേസുകള്‍ വന്‍തോതില്‍ വര്‍ധിക്കുന്ന യുകെ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഫ്രാന്‍സ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
രാജ്യത്ത് പുതുതായി സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ പത്ത് ശതമാനത്തോളം ഒമിക്രോണ്‍ മൂലമാണെന്ന് കരുതുന്നതായി ഫ്രഞ്ച് ആരോഗ്യമന്ത്രി ഒലിവര്‍ വെറന്‍ പറഞ്ഞു.