ജനീവ: കോവിഡിന്റെ കണ്ടെത്തിയ പുതിയ വകഭേദമായ ഒമിക്രോൺ അതിവേഗത്തിൽ പടരുന്നെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോൺ കോവിഡ് വാക്സിന്റെ ഫലം കുറയ്ക്കുമെന്നും ഡെൽറ്റ വകഭേദത്തെക്കാൾ കൂടുതൽ വേഗത്തിൽ ആളുകളിലേക്ക് പടരുമെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി.
അതേസമയം, എന്നാൽ മുൻ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിന് ഗുരുതരമായ രോഗലക്ഷണങ്ങൾ കുറവാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോൺ ആദ്യമായി സ്ഥിരീകരിച്ചത്. നവംബർ എട്ടിനാണ് ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. നിലവിൽ 63 രാജ്യങ്ങളിൽ ഒമിക്രോൺ സാന്നിധ്യം കണ്ടെത്തിയെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
നിലവിൽ ലഭിച്ചിരിക്കുന്ന വിവരങ്ങൾ പ്രകാരം, ഡെൽറ്റ വകഭേദത്തേക്കാൾ വേഗത്തിൽ ഒമിക്രോൺ പടർന്നു പിടിക്കുകയാണ്. സാമൂഹിക വ്യാപനം സംഭവിച്ചിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഒമിക്രോൺ വകഭേദത്തിന് രോഗലക്ഷണങ്ങൾ കുറവെന്നാണ് വൈറസ് ആദ്യമായി കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിലെ ഡോക്ടർമാരും പറയുന്നത്. കോവിഡ് ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിച്ചവരിൽ 30 ശതമാനത്തിനുമാത്രമേ ഗുരുതരമായ രോഗലക്ഷണങ്ങളുള്ളൂ. കോവിഡിന്റെ ആദ്യതരംഗത്തിലെ നിരക്കിന്റെ പകുതിയിൽ താഴെ മാത്രമാണിതെന്നും ദക്ഷിണാഫ്രിക്കയുടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്യൂണിക്കബിൾ ഡിസീസസ് വ്യക്തമാക്കുന്നു.
ഇന്ത്യയിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു.
Discussion about this post