ബെയ്ജിങ് : ലോകത്ത് ഏറ്റവുമധികം മാധ്യമപ്രവര്‍ത്തകരെ തടവിലാക്കിയിരിക്കുന്നത് ചൈന. നിലവില്‍ 127 മാധ്യമപ്രവര്‍ത്തകര്‍ രാജ്യത്ത് തടങ്കലില്‍ കഴിയുന്നതായി സന്നദ്ധസംഘടനയായ റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയങ്ങള്‍ക്ക് വിരുദ്ധമായ റിപ്പോര്‍ട്ടുകളും ഉള്ളടക്കങ്ങളും പ്രസിദ്ധീകരിച്ചതിനാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ നടപടി സ്വീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അനുദിനം മാധ്യമസ്വാതന്ത്യം നഷ്ടമായിക്കൊണ്ടിരിക്കുന്ന രാജ്യത്ത് വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കാനുള്ള ഉപാധി എന്നതിലുപരി സര്‍ക്കാരിന്റെ വക്താക്കളായാണ് മാധ്യമങ്ങളെ ഭരണകൂടം കണക്കാക്കുന്നത്.
വിവാദമായ വിഷയങ്ങളെക്കുറിച്ച് അന്വേഷിച്ചാലോ സര്‍ക്കാര്‍ അനുമതി നിഷേധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചാലോ ഒക്കെ ചൈനയില്‍ വര്‍ഷങ്ങളോളം ജയിലില്‍ കിടക്കേണ്ടി വരും. സര്‍ക്കാരിന് വിധേയമായി പ്രവര്‍ത്തിക്കാതിരിക്കുന്നത് മരണത്തിന് വരെ കാരണമാകാമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഒരുകാലത്ത് മാധ്യമസ്വാതന്ത്യത്തില്‍ ലോകത്തിന് തന്നെ മാതൃകയായിരുന്ന ഹോങ്കോങില്‍ ഇന്ന് ദേശീയ സുരക്ഷയുടെ പേരില്‍ ജയിലിലടയ്ക്കപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്.
തീവ്രവാദത്തിനെതിരെയുള്ള ശക്തമായ നടപടികള്‍ എന്ന വ്യാജേന ഷിന്‍ജിയാങ് പ്രവിശ്യയില്‍ ഉയിഗുര്‍ മാധ്യമപ്രവര്‍ത്തകരെയും ചൈന വെറുതേ വിടുന്നില്ല. റിപ്പോര്‍ട്ട് പ്രകാരം 71 ഉയിഗുര്‍ മാധ്യമപ്രവര്‍ത്തകരാണ് നിലവില്‍ ചൈനയില്‍ തടങ്കലിലുള്ളത്. ഉയിഗുരിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് പുറമേയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ജയില്‍ ശിക്ഷ.
സെന്‍സര്‍ ചെയ്യപ്പെടുന്ന വിഷയങ്ങളും വര്‍ധിച്ചു വരികയാണ് ചൈനയില്‍. ടിബറ്റ്, തായ്‌വാന്‍, അഴിമതി എന്നിവയ്ക്ക് പുറമേ പ്രകൃതിദുരന്തങ്ങളും മീടൂ പോലുള്ള മൂവ്‌മെന്റുകളും ചൈന മാധ്യമങ്ങളില്‍ നിന്ന് അകറ്റുകയാണ്. വുഹാനിലെ കോവിഡ് മഹാമാരിയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതിന് പത്തോളം മാധ്യമപ്രവര്‍ത്തകരെ 2020ല്‍ ചൈന അറസ്റ്റ് ചെയ്തിരുന്നു.
മാധ്യമസ്വാതന്ത്ര്യത്തിനൊപ്പം തന്നെ വ്യക്തിസ്വാതന്ത്യവും സര്‍ക്കാര്‍ വരച്ച വരയ്ക്കപ്പുറം ചൈനയില്‍ അനുവദനീയമല്ല. 2019 ഒക്ടോബറില്‍ മാധ്യമപ്രവര്‍ത്തകരെല്ലാം സ്റ്റഡി ഷീ എന്ന ആപ്പ് നിര്‍ബന്ധമായും ഉപയോഗിക്കണം എന്ന നിയമം ചൈന പാസ്സാക്കിയിരുന്നു.സര്‍ക്കാര്‍ ആപ്പ് ആയ ഇത് വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ വേണ്ടിയുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്കും രാജ്യത്ത് സുരക്ഷാഭീഷണിയുണ്ട്. മൂന്ന് വിദേശ മാധ്യമപ്രവര്‍ത്തരാണ് നിലവില്‍ ചൈനയില്‍ ജയിലിലുള്ളത്. രാജ്യതാല്പര്യങ്ങള്‍ക്കെതിരായി പ്രവര്‍ത്തിച്ചു എന്നാരോപിച്ച് പതിനെട്ടോളം വിദേശമാധ്യമപ്രവര്‍ത്തകരെ ചൈന നാട് കടത്തിയിരുന്നു.
Discussion about this post