വാഷിംഗ്ടണ്‍ : കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദം ഡെല്‍റ്റയുള്‍പ്പടെയുള്ള മറ്റ് വകഭേദങ്ങളേക്കാള്‍ ഗുരുതരമാവില്ലെന്ന് പ്രമുഖ യുഎസ് ശാസ്ത്രജ്ഞനും പ്രസിഡന്റ് ജോ ബൈഡന്റെ ആരോഗ്യ ഉപദേഷ്ടാവുമായ ആന്റണി ഫൗസി. ദക്ഷിണാഫ്രിക്കയിലെ കേസുകളില്‍ ഒമിക്രോണ്‍ ബാധിച്ചവരുടെയും അതില്‍ ആശുപത്രി വാസം വേണ്ടി വന്നവരുടെയും അനുപാതം ഡെല്‍റ്റ വകഭേദത്തേക്കാള്‍ കുറവാണെന്നാണ് ഫൗസി ചൂണ്ടിക്കാട്ടുന്നത്.
ഒമിക്രോണ്‍ കൂടുതല്‍ കഠിനമായ രോഗത്തിന് കാരണമാകില്ലെന്നും ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം കുതിച്ചുയരില്ലെന്നും അതുകൊണ്ട് തന്നെ മോശം സാഹചര്യം ഉണ്ടാവില്ലെന്നാണ് തോന്നുന്നതെന്നും ഫൗസി വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ 38 രാജ്യങ്ങളിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
എന്നാല്‍ ഈ കണക്കുകളെ അമിതമായി വ്യാഖ്യാനിക്കാതിരിക്കേണ്ടത് പ്രധാനമാണ്. ഗുരുതരമായ രോഗം രൂപപ്പെടാന്‍ ആഴ്ചകള്‍ എടുത്തേക്കാം. ദക്ഷിണാഫ്രിക്കയില്‍ രോഗതീവ്രത സ്ഥിരീകരിക്കാന്‍ കുറഞ്ഞത് ഇനിയും രണ്ടാഴ്ച കൂടിയെങ്കിലും എടുക്കുമെന്നാണ് കരുതപ്പെടുന്നത്. അപ്പോള്‍ ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ കേസുകള്‍ ഉണ്ടാകുമ്പോള്‍ തീവ്രതയുടെ തോത് വിലയിരുത്താന്‍ കൂടുതല്‍ സമയം എടുത്തേക്കാം.
Discussion about this post