ബെല്‍ജിയത്തില്‍ ഹിപ്പോകള്‍ക്ക് കോവിഡ്

ബ്രസല്‍സ് : ബെല്‍ജിയത്തില്‍ ആന്‍വെര്‍പ് മൃഗശാലയിലെ രണ്ട് ഹിപ്പോകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പൂച്ചകളിലും കുരങ്ങുകളിലും കോവിഡ് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഹിപ്പോകള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. പതിനാലും നാല്പ്പത്തിയൊന്നും വയസ്സുള്ള ഹിമാനി, ഹെര്‍മിയന്‍ ഹിപ്പോകള്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു.

വൈറസ് സ്ഥിരീകരിച്ച ഹിപ്പോകള്‍ക്ക് മൂക്കൊലിപ്പല്ലാതെ മറ്റ് ലക്ഷണങ്ങളൊന്നുമില്ല. ഇവരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹിപ്പോകള്‍ക്ക് എങ്ങനെയാണ് വൈറസ് ബാധിച്ചതെന്ന് വ്യക്തമല്ല. നിലവില്‍ മൃഗശാല ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടില്ല.

യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അനുസരിച്ച് ലോകമെമ്പാടുമുള്ള മൃഗശാലയിലെ മൃഗങ്ങളിലും വളര്‍ത്തുമൃഗങ്ങളിലും കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവയില്‍ വവ്വാലും, എലികളും ഉള്‍പ്പടെയുണ്ട്. കഴിഞ്ഞ മാസം നെബ്രാസ്‌കയിലെ ഒരു മൃഗശാലയില്‍ മൂന്ന് ഹിമപ്പുലികള്‍ വൈറസ് ബാധിച്ച് ചത്തിരുന്നു.

മൃഗങ്ങളില്‍ പൂച്ചകളും നായ്ക്കളുമാണ് വൈറസ് ബാധിക്കാന്‍ സാധ്യത കൂടുതലുള്ളവ. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പടരാനുള്ള സാധ്യത കുറവാണെങ്കിലും ആളുകളില്‍ നിന്ന് വളര്‍ത്തുമൃഗങ്ങളിലേക്ക് കൊറോണ വൈറസ് പടരുമെന്ന് സിഡിസി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Exit mobile version