യാങ്കൂണ്‍ : മ്യാന്‍മര്‍ മുന്‍ ഭരണാധികാരിയും ജനകീയ നേതാവുമായ ഓങ് സാന്‍ സൂചിക്ക് നാല് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. പട്ടാള ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിച്ചു, കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷ.
സെക്ഷന്‍ 505 (b) പ്രകാരം രണ്ട് വര്‍ഷവും ദുരന്തനിവാരണ നിയമപ്രകാരം രണ്ട് വര്‍ഷവുമാണ് ശിക്ഷ വിധിച്ചത്. മുന്‍ പ്രസിഡന്റ് വിന്‍ മിന്റിനും സമാനമായ കുറ്റങ്ങള്‍ക്ക് നാല് വര്‍ഷം ശിക്ഷ വിധിച്ചിട്ടുണ്ട്. ഇരുവരെയും ഇതുവരെ ജയിലിലേക്ക് മാറ്റിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ പട്ടാള ഭരണകൂടം വിലക്കിയിരുന്നു. മാധ്യമങ്ങളോട് സംസാരിക്കുന്നതിന് സൂചിയുടെ അഭിഭാഷകനും വിലക്കുണ്ട്.
കഴിഞ്ഞ ഫെബ്രുവരി ഒന്നിന് പട്ടാള അട്ടിമറിയിലൂടെയാണ് ഓങ് സാന്‍ സൂചിക്ക് ഭരണം നഷ്ടപ്പെട്ടത്.ഇതോടെ മ്യാന്‍മറില്‍ ഹ്രസ്വകാലം മാത്രമുണ്ടായിരുന്ന ജനാധിപത്യ ഭരണവും അവസാനിച്ചു. വിവിധ കുറ്റങ്ങള്‍ ചുമത്തി അന്ന് പട്ടാള ഭരണകൂടം ഇവരെ തടവിലാക്കി. കഴിഞ്ഞ നവംബര്‍ എട്ടിന് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതായി ആരോപിച്ചാണ് പട്ടാളം ഭരണം പിടിച്ചത്.
മ്യാന്‍മറില്‍ പട്ടാള ഭരണകൂടത്തിന്റെ വീട്ട് തടങ്കലില്‍ നിന്ന് 2010ല്‍ മോചിതയായ സൂചി 2015ല്‍ തന്റെ കക്ഷിയെ വിജയത്തിലേക്ക് നയിക്കുകയും മ്യാന്‍മറിലെ ആദ്യ ജനാധിപത്യ സര്‍ക്കാരിന് നേതൃത്വം നല്‍കുകയും ചെയ്തു. തിരഞ്ഞെടുപ്പില്‍ സൂചിയുടെ കക്ഷിയായ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി) 83 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ പട്ടാളത്തിന്റെ പിന്തുണയുള്ള യൂണിയന്‍ സോളിഡാരിറ്റി, ഡെവലപ്‌മെന്റ് പാര്‍ട്ടി എന്നിവയ്ക്ക് ആകെ 33 സീറ്റ് മാത്രമാണ് ലഭിച്ചത്.
സൂചിയുടെ നേതൃത്വത്തില്‍ പട്ടാളഭരണത്തിനെതിരെ ദശകങ്ങള്‍ നീണ്ട പ്രക്ഷോഭത്തിനൊടുവില്‍ 2011ലാണ് രാജ്യത്ത് ജനാധിപത്യ മാതൃകയിലുള്ള ഭരണത്തിന് പട്ടാളനേതൃത്വം വഴങ്ങിയത്. 2008ല്‍ സൈന്യം തയ്യാറാക്കിയ ഭരണഘടന പ്രകാരം പാര്‍ലമെന്റിലെ 25ശതമാനം സീറ്റുകളും സുപ്രധാന ഭരണപദവികളും സൈന്യത്തിനാണ്.