ആംസ്റ്റര്‍ഡാം : ലോകത്താദ്യമായി ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ ഒമിക്രോണ്‍ രാജ്യത്ത് കണ്ടെത്തിയിരുന്നുവെന്ന് നെതര്‍ലന്‍ഡ്‌സ് ആരോഗ്യവിഭാഗം. നവംബര്‍ 19-23നും ഇടയ്ക്ക് രണ്ട് സാംപിളുകളില്‍ ഒമിക്രോണ്‍ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നുവെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
നവംബര്‍ 26ന് കേപ് ടൗണില്‍ നിന്നും ജൊഹനാസ്ബര്‍ഗില്‍ നിന്നും വിമാനങ്ങളിലെലെത്തിയ പതിനാല് പേരിലാണ് നെതര്‍ലന്‍ഡ്‌സില്‍ ആദ്യം ഒമിക്രോണ്‍ സ്ഥിരീകരിച്ചതെന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും മുമ്പ് നെതര്‍ലന്‍ഡ്‌സില്‍ ഒമിക്രോണ്‍ സാന്നിധ്യം കണ്ടെത്തിയിരുന്നു എന്നാണ് അധികൃതരുടെ വാദം.അതേസമയം ആദ്യമായി വൈറസ് കണ്ടെത്തിയത് ദക്ഷിണാഫ്രിക്കയില്‍ തന്നെയാണ് എന്നാണ് ലോകാരോഗ്യ സംഘടന അറിയിച്ചിരിക്കുന്നത്. നവംബര്‍ 9ന് ശേഖരിച്ച സാംപിളിലായിരുന്നു വകഭേദം കണ്ടെത്തിയത്.
എന്ത് തന്നെയായാലും ഒമിക്രോണ്‍ അപകടകാരിയായ വകഭേദമാണെന്നതില്‍ സംശയമില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചിരിക്കുന്നത്. കോവിഡ് നേരത്തെ വന്നുപോയവരിലും ഇവ പടര്‍ന്ന് പിടിക്കാമെന്നാണ് മുന്നറിയിപ്പ്. വാക്‌സീനുകള്‍ ഇവയ്‌ക്കെതിരെ എത്രത്തോളം ഫലപ്രദമാണെന്നറിയാന്‍ ഇനിയും കാത്തിരിക്കേണ്ടി വന്നേക്കും.
അതേസമയം ജപ്പാനിലും ഫ്രാന്‍സിലും ആദ്യമായി ഓരോ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പത്ത് യൂറോപ്യന്‍ രാജ്യങ്ങളിലായി ഇതുവരെ 42 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. യുകെയില്‍ കടകളിലും പൊതുഗതാഗത സംവിധാനങ്ങളിലുമുള്‍പ്പടെ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി. സെപ്റ്റംബറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച നോര്‍വേയിലും മാസ്‌ക് കര്‍ശനമാക്കിയിട്ടുണ്ട്. റഷ്യയില്‍ ഒമിക്രോണ്‍ ഭീഷണി നേരിടാന്‍ ഒരാഴ്ചയ്ക്കകം കര്‍മപദ്ധതി തയ്യാറാക്കാന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ നിര്‍ദേശം നല്‍കി. ദക്ഷിണാഫ്രിക്കയില്‍ 110 കേസുകള്‍ കൂടി പുതിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.