വെല്ലിങ്ടണ്‍: പ്രസവ വേദനയ്ക്കിടിയിലും ആശുപത്രിയിലേക്ക് ഒറ്റയ്ക്ക് സൈക്കിളോടിച്ചെത്തി തൊട്ടുപിന്നാലെ കുഞ്ഞിന് ജന്മം കൊടുത്ത് ന്യൂസിലാന്റ് എംപി ജൂലി ആന്‍ ജെന്റെര്‍. ജൂലി തന്നെയാണ് സന്തോഷം സമൂഹ മാധ്യത്തിലൂടെ പങ്കുവെച്ചത്. ‘ഇന്ന് പുലര്‍ച്ചെ 3.04ന് ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും പുതിയ അംഗം എത്തിയിരിക്കുന്നു. പ്രസവമടുത്ത സമയത്ത് സൈക്കിള്‍ ചവിട്ടാന്‍ ഉദ്ദേശിച്ചിരുന്നില്ല. പക്ഷെ അങ്ങനെ സംഭവിച്ചുപോയി. ഇപ്പോള്‍ ഞങ്ങള്‍ക്ക് ആരോഗ്യമുള്ള, സന്തോഷവതിയായ ഒരു കുഞ്ഞുണ്ട്’ – വിശേഷം പങ്കുവെച്ചുകൊണ്ട് ജൂലി ഫേസ്ബുക്കില്‍ കുറിച്ചു.
പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ജൂലിക്ക് നേരിയ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടു തുടങ്ങിയത്. പങ്കാളിയായ പീറ്റര്‍ നണ്‍സിനൊപ്പം കാര്‍ഗോ ബൈക്കില്‍ ഉടന്‍ ആശുപത്രിയിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാല്‍ ആശുപത്രിയിലേക്കുള്ള സാധനങ്ങളടങ്ങിയ വലിയ ബാഗ് ഉള്ളതിനാല്‍ രണ്ട് പേര്‍ക്ക് ഒരു സൈക്കിളില്‍ പോവാന്‍ ബുദ്ധിമുട്ടായി. പിന്നാലെയാണ് ജെന്റര്‍ ഒറ്റയ്ക്ക് കാര്‍ഗോ ബൈക്കില്‍ ആശുപത്രിയിലേക്ക് പുറപ്പെട്ടത്.
മറ്റൊരു സൈക്കിളില്‍ പീറ്ററും ജെന്റെറിന് ഒപ്പമുണ്ടായിരുന്നു. ആശുപത്രിയില്‍ എത്തിയതിന് പിന്നാലെ പ്രസവവേദന മൂര്‍ഛിക്കുകയും കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. സൈക്കിള്‍ യാത്രയ്ക്കിടയിലും കടുത്ത വേദന അനുഭവപ്പെട്ടിരുന്നുവെന്നാണ് ജൂലി പറയുന്നു. എന്നാല്‍ അത് സഹിക്കാന്‍ പറ്റുന്ന തരത്തിലായിരുന്നു. സൈക്കിള്‍ യാത്ര പദ്ധതിയിലുണ്ടായിരുന്നില്ല. എല്ലാം ശുഭമായി വന്നതില്‍ സന്തോഷമുണ്ടെന്നും ജൂലി കൂട്ടിച്ചേര്‍ത്തു.