ചൈന: വീഡിയോ ചെയ്യുന്നതിനായി അമിത ഭക്ഷണം കഴിക്കുന്നുവെന്ന് ആരോപിച്ച് വ്‌ളോഗറെ വിലക്കി ഹോട്ടല്‍. ചൈനയിലെ കാങ്ങ് എന്ന വ്‌ലോഗറെയാണ് ഹോട്ടല്‍ വിലക്കിയത്. ആദ്യം ഹോട്ടല്‍ സന്ദര്‍ശിച്ചപ്പോള്‍ കാങ് കഴിച്ചത് ഒന്നര കിലോ പന്നിയിറച്ചിയുടെ വിഭവം, അടുത്തതവണയാകട്ടെ മൂന്നര കിലോഗ്രാമിന് മുകളിലുള്ള കൊഞ്ച് വിഭവങ്ങളാണെന്നും ഹോട്ടല്‍ ഉടമ പറയുന്നു.
തുടര്‍ന്നാണ് വ്‌ളോഗറെ ഹോട്ടല്‍ വിലക്കിയത്. റസ്റ്ററന്റില്‍ വന്ന് ലൈവ് വ്‌ലോഗിങ് നടത്തി ഭക്ഷണം പാഴിക്കി കളയുന്നവര്‍ക്കെതിരെ ചൈനീസ് ഭരണകൂടം കഴിഞ്ഞവര്‍ഷം നടപടികള്‍ ആരംഭിച്ചിരുന്നു. ഇത്രയധികം ഭക്ഷണം കഴിച്ചത് മൂലം ഹോട്ടലിന് നഷ്ടം നേരിടേണ്ടി വന്നതായും ഹോട്ടല്‍ ഉടമ പറയുന്നു.
അതേസമയം, തനിക്ക് ഒരുപാട് ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നത് ഒരു തെറ്റാണോയെന്ന് കാങ്ങ് ചോദിക്കുന്നു. ഒരു തരിപോലും പാഴാക്കി കളയുന്നുമില്ല! ഹോട്ടലിന്റെ ഈ നടപടിയില്‍ കാങ്ങിന്റെ ആരാധകര്‍ക്ക് എതിര്‍പ്പുണ്ട്. എന്നാല്‍ ഓരോ തവണ വരുമ്പോഴും കാങ് തന്റെ കീശകാലിയാക്കുകയാണെന്ന് ഉടമ പറയുന്നു.
സോയ പാല്‍ ആണ് കുടിക്കുന്നതെങ്കില്‍ 20 മുതല്‍ 30 കുപ്പിവരെ അകത്താക്കും. പന്നിയിറച്ചികൊണ്ടുള്ള വിഭവമാമെങ്കില്‍ ട്രേയിലുള്ളത് മുഴുവന്‍ കഴിക്കും. സാധാരണഗതിയില്‍ ആളുകള്‍ ടോങ്സ് ഉപയോഗിച്ചാണ് അത് കഴിക്കുക. കാങ്ങാകട്ടെ ട്രേ മുഴുവനായുമാണ് എടുക്കുക. കാങിന്റെ ഈ പരിപാടി കാരണം ഇനി മുതല്‍ തന്റെ ഹോട്ടലില്‍ ലൈവ് വ്‌ലോഗിങ് അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഉടമ. ആരാധകര്‍ എതിര്‍ത്തു രംഗത്ത് വന്നാലും തന്റെ നിലപാട് മാറ്റില്ലെന്ന് ഉടമ പറയുന്നു.