അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് ന്യൂസിലന്‍ഡ്

ആംസ്റ്റര്‍ഡാം : അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ പ്രവേശനാനുമതി നല്‍കുമെന്ന് ന്യൂസിലന്‍ഡ് സര്‍ക്കാര്‍. അടുത്ത അഞ്ച് മാസം കൂടി ന്യൂസിലന്‍ഡിന്റെ അതിര്‍ത്തികള്‍ അടഞ്ഞ് കിടക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

കോവിഡിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ന്യൂസിലന്‍ഡ് അന്താരാഷ്ട്ര യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. കര്‍ശന നിയന്ത്രണങ്ങളിലൂടെ കോവിഡ് പ്രതിരോധത്തില്‍ രാജ്യം മുന്നിലെത്തിയിരുന്നെങ്കിലും ഈ വര്‍ഷം കോവിഡ് ഡെല്‍റ്റ വകഭേദം പടര്‍ന്ന് പിടിക്കാന്‍ ആരംഭിച്ചതിനാല്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ വീണ്ടും പ്രാബല്യത്തില്‍ വരുത്തുകയായിരുന്നു. കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയായതിന് ശേഷമേ ഇനി ഓക്‌ലാന്‍ഡ് അടക്കമുള്ള പ്രധാന നഗരങ്ങളിലെ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിക്കുകയുള്ളൂ.

2022 ഏപ്രില്‍ 30 മുതല്‍ പൂര്‍ണമായും വാക്‌സീന്‍ സ്വീകരിച്ച ആളുകള്‍ക്ക് പ്രവേശനം അനുവദിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. അതേസമയം ഓസ്‌ട്രേലിയയിലുള്ള പൂര്‍ണമായും വാക്‌സീന്‍ സ്വീകരിച്ച ന്യൂസിലന്‍ഡ് പൗരന്മാരെയും റെസിഡന്‍സ് ഉള്ളവരെയും ജനുവരി 16 മുതല്‍ രാജ്യത്ത് പ്രവേശിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.മറ്റ് രാജ്യങ്ങളിലുള്ള ന്യൂസിലന്‍ഡ് പൗരന്മാര്‍ക്ക് ഫെബ്രുവരി 16 മുതലാകും രാജ്യത്ത് പ്രവേശനം അനുവദിക്കുക. ഇവര്‍ക്ക് ക്വാറന്റൈന്‍ ഇല്ലെങ്കിലും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

Exit mobile version