സോള്‍ : ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്കെതിരെ ക്രൂരമായ നിലപാടുകളെടുത്ത ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റ് ചുന്‍ ഡു ഹ്വാന്‍(90) അന്തരിച്ചു. സിയോളിലെ വീട്ടില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. രക്താര്‍ബുദത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
ഏകാധിപത്യ ഭരണത്തിനെതിരെ 1980ല്‍ ഗ്വന്‍ജു മേഖലയില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തെ കൊലക്കളമാക്കിയതില്‍ മുന്നില്‍ നിന്ന ആളാണ് ചുന്‍. അന്ന് സൈന്യത്തെ ഇറക്കി നേരിട്ട പ്രക്ഷോഭത്തില്‍ 200 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിപക്ഷ നേതാവ് കിം ഡായ് ജുങ്ങിനെ അറസ്റ്റ് ചെയ്യുകയും വധശിക്ഷ വിധിക്കുകയും ചെയ്തു. അമേരിക്ക ഇടപെട്ടതോടെയാണ് ഇതില്‍ നിന്നും ചുന്‍ പിന്മാറിയത്.
1983ല്‍ ചുന്‍ മ്യാന്‍മര്‍ സന്ദര്‍ശിക്കവേ ഉത്തര കൊറിയ ഏര്‍പ്പെടുത്തിയ കമാന്‍ഡോകള്‍ വധിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനായി നടത്തിയ ബോംബ് സ്‌ഫോടനത്തിനിടെ ചുന്‍ പരുക്കുകളോടെ രക്ഷപെട്ടെങ്കിലും ദക്ഷിണ കൊറിയന്‍ മന്ത്രിമാര്‍ അടക്കം 21 പേര്‍ കൊല്ലപ്പെട്ടു.
ഏകാധിപത്യത്തിനും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരെ പ്രതിഷേധം ശക്തമായതോടെ 1988ല്‍ ചുന്‍ സ്ഥാനമൊഴിയുകയും ഒളിവില്‍ പോകുകയും ചെയ്തു. രണ്ട് വര്‍ഷത്തിന് ശേഷം അറസ്റ്റിലാവുകയും വിചാരണയ്‌ക്കൊടുവില്‍ വധശിക്ഷ വിധിക്കുകയും ചെയ്‌തെങ്കിലും 1997ല്‍ മാപ്പ് നല്‍കി വിട്ടയച്ചു.