അമരാവതി : സംസ്ഥാനത്ത് മൂന്ന് തലസ്ഥാനം എന്ന പദ്ധതിയ്ക്കായി അവതരിപ്പിച്ച ബില്‍ പിന്‍വലിച്ച് ആന്ധ്രപ്രദേശ് സര്‍ക്കാര്‍. രണ്ട് വര്‍ഷത്തിലേറെയായി ബില്ലിനെതിരെ ഉയര്‍ന്ന് വരുന്ന കടുത്ത പ്രതിഷേധങ്ങളെത്തുടര്‍ന്നാണ് നടപടി.
ഒരു തലസ്ഥാനം എന്ന പതിവ് രീതി മാറ്റി ഭരണനിര്‍വഹണ തലസ്ഥാനമായി വിശാഖപട്ടണം, നിയമനിര്‍മാണ തലസ്ഥാനമായി അമരാവതി, നീതിന്യായ തലസ്ഥാനമായി കുര്‍ണൂല്‍ എന്നിങ്ങനെയായിരുന്നു പദ്ധതി. എന്നാല്‍ സംസ്ഥാനത്ത് മൂന്ന് തലസ്ഥാനങ്ങളുടെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡി പ്രഖ്യാപിച്ചു.
“ഞങ്ങള്‍ പഴയ ബില്‍ തിരിച്ചുവിളിക്കുകയാണ്. ആന്ധ്രയുടെ വികസനത്തിന് തലസ്ഥാനങ്ങളുടെ വികേന്ദ്രീകരണം ആവശ്യമാണ് എന്നാണ് ആദ്യം കരുതിയത്. അതിന്റെ ആവശ്യമില്ലെന്ന് ഇപ്പോള്‍ മനസ്സിലായി. കുറ്റമറ്റ രീതിയിലാകും പുതിയ ബില്‍ അവതരിപ്പിക്കുക.” ജഗന്‍ നിയമസഭയില്‍ പറഞ്ഞു.
പുതിയ തലസ്ഥാനത്തിനായി കൃഷിഭൂമിയും സ്ഥലവും വിട്ടുകൊടുക്കുന്നതിന്റെ ആശങ്കയില്‍ നിന്നിരുന്ന കര്‍ഷകര്‍ക്ക് ആശ്വാസമാണ് പുതിയ തീരുമാനം. സംസ്ഥാന സര്‍ക്കാരിന്റെ ബില്ലിനെതിരെ നിരവധി ഹര്‍ജികളാണ് ഹൈക്കോടതിയിലെത്തിയിരുന്നത്. സംസ്ഥാനത്തുടനീളം ശക്തമായ പ്രതിഷേധ പരിപാടികളും നടന്നിരുന്നു.