ന്യൂഡല്‍ഹി : ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് നവംബര്‍ 30 മുതല്‍ പ്രവേശനാനുമതി നല്‍കി കാനഡ. വാക്‌സീന്റെ രണ്ട് ഡോസും എടുത്തവര്‍ക്കാണ് അനുമതി. അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടന അനുമതി നല്‍കിയ വാക്‌സീനുകള്‍ എടുത്തവര്‍ക്ക് കാനഡയില്‍ പ്രവേശനം അനുവദിക്കുമെന്ന് കനേഡിയന്‍ സര്‍ക്കാര്‍ ഈയിടെ വ്യക്തമാക്കിയിരുന്നു.
നിലവില്‍ ഫൈസര്‍, മോഡേണ, ആസ്ട്രസെനെക, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, ബയോണ്‍ടെക്ക് എന്നീ വാക്‌സീനുകളെടുത്തവര്‍ക്ക് കാനഡയിലേക്ക് പ്രവേശനമുണ്ട്. നവംബര്‍ 3നാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്‌സിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭിക്കുന്നത്.
ഡെല്‍റ്റ വകഭേദത്തിനെതിരെ കോവാക്‌സിന്‍ 70 ശതമാമം ഫലപ്രദമാണെന്ന് സംഘടന അറിയിച്ചിരുന്നു. കോവിഷീല്‍ഡ് കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ സ്വീകരിച്ച വാക്‌സീനാണ് കോവാക്‌സിന്‍.