വുഹാങ്: നന്നായി ഭക്ഷണം കഴിച്ചതിന്റെ പേരില്‍ ഫുഡ് വ്ലോഗര്‍ക്ക് വിലക്കേര്‍പ്പെടുത്തി പ്രശസ്ത റെസ്റ്റോറന്റ്. ചൈനയിലെ ചാങ്ഷയിലെ പ്രശസ്തമായ റെസ്റ്റോറന്റായ ഹന്‍ദാദി സീഫുഡ് ബിബിക്യു ബുഫേയാണ് തങ്ങളുടെ ഒരു സ്ഥിരം കസ്റ്റമര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രദേശത്തെ പ്രശസ്ത ഫുഡ് വ്ളോഗറായ കാങ്ങിനാണ് റെസ്റ്റോറന്റ് ഉടമകള്‍ വിലക്കേര്‍പ്പെടുത്തിയത്. ഓരോ റെസ്റ്റോറന്റിലുമെത്തി ഭക്ഷണം കഴിക്കുന്നത് ലൈവായി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതാണ് കാങ്ങിന്റെ രീതി.
ആദ്യമായി റെസ്റ്റോറന്റിലെത്തിയ കാങ് ഒറ്റയിരിപ്പില്‍ 1.5 കിലോ പോര്‍ക്ക് ഫ്രൈയാണ് അകത്താക്കിയത്. അടുത്ത തവണ ചെമ്മീന്‍ ഫ്രൈയായിരുന്നു. പിന്നെ നാല് കിലോ പ്രോണ്‍സ് ഫ്രൈ. ഓരോ തവണയും റെസ്റ്റോറന്റിലെത്തുമ്പോള്‍ ഐറ്റം മാറുമെന്നല്ലാതെ കാങ്ങിന് ഒരു മാറ്റവുമില്ല. ഓര്‍ഡര്‍ ചെയ്യുന്ന വിഭവങ്ങളുടെ തോത് കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
പാല് കുടിക്കുകയാണെങ്കില്‍ 20 മുതല്‍ 30 വരെ ബോട്ടില്‍ കുടിച്ചുകളയും. പോര്‍ക്ക് ഫ്രൈയാണെങ്കില് അവിടെയുള്ള ട്രേ അപ്പാടെ കാലിയാക്കും. കൊഞ്ച് വിഭവങ്ങളാണെങ്കില്‍ സാധാരണ ആളുകള്‍ ചെറിയ പാത്രത്തിലാണ് എടുക്കാറുള്ളത്. എന്നാല്‍, ഇയാള്‍ ഒരു ട്രേ തന്നെ അങ്ങ് മുന്നില്‍വച്ചായിരിക്കും തീര്‍ക്കുക. ഒടുവില്‍ സഹികെട്ടാണ് കടയുടമകള്‍ കാങ്ങിന് വിലക്കേര്‍പ്പെടുത്തിയത്.
നന്നായി കഴിക്കാന്‍ കഴിയുമെന്നത് ഒരു കുറ്റമാണോ എന്നാണ് കാങ് ചോദിക്കുന്നത്. ഒരു തുള്ളി ഭക്ഷണം പോലും പാഴാക്കി കളയാറില്ല. നന്നായി ഭക്ഷണം കഴിക്കുന്നവരോടുള്ള വിവേചനമാണിതെന്നും കാങ് പരിഭവപ്പെടുന്നു.
റെസ്റ്റോറന്റുകളില്‍ വന്ന് ലൈവ് ചെയ്യുന്ന ഫുഡ് വ്ളോഗര്‍മാര്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം ചൈനീസ് ഭരണകൂടം നടപടികള്‍ ആരംഭിച്ചിരുന്നു. ഇത്തരം വീഡിയോ ചെയ്യുന്നതിന് സമ്പൂര്‍ണമായി നിരോധനം ഏര്‍പ്പെടുത്താനും നീക്കമുണ്ട്. ഭക്ഷണം പാഴാക്കിക്കളയുന്നതിനെതിരെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് നടത്തിയ ആഹ്വാനത്തിനു പിറകെയായിരുന്നു ഇത്.
Discussion about this post