സിഡ്നി : കോവിഡ് വാക്സീന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് ആരോപിച്ച് ഓസ്ട്രേലിയയില്‍ സര്‍ക്കാരിനോട് നഷ്ടപരിഹാരം തേടി ആയിരങ്ങള്‍. പരാതി യാഥാര്‍ഥ്യമാണെന്ന് സ്ഥിരീകരിച്ചാല്‍ ഭരണകൂടത്തിന് 50 മില്യണ്‍ ഓസ്ട്രേലിയന്‍ ഡോളര്‍(ഏകദേശം 270 കോടി രൂപ) നഷ്ടപരിഹാരം നല്‍കേണ്ടി വരും.
വാക്സിനേഷന് ശേഷമുണ്ടായ വിവിധ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് ചിലവായ തുക ആവശ്യപ്പെട്ടാണ് സര്‍ക്കാരിന്റെ നഷ്ടപരിഹാര പദ്ധതിയില്‍ പതിനായിരത്തിലേറെപ്പേര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആരോപണങ്ങള്‍ സത്യമാണെന്ന് തെളിഞ്ഞാല്‍ ഓരോ പരാതിക്കാരനും 5000 ഓസ്ട്രേലിയന്‍ ഡോളര്‍(ഏകദേശം 2,72,972 രൂപ)വീതമാണ് സര്‍ക്കാര്‍ നല്‍കേണ്ടി വരിക.
ഓസീസ് സര്‍ക്കാരിന്റെ കോവിഡ് വാക്സിനേഷന് യജ്ഞത്തിന്റെ ഭാഗമായി ഏകദേശം 3.68 കോടി പേര്‍ക്കാണ് കുത്തിവയ്പ്പ് നല്‍കിയത്. ഇതില്‍ 79,000 പേര്‍ക്ക് കുത്തിവയ്പ്പെടുത്ത ശേഷം വിവിധ തരത്തിലുള്ള പാര്‍ശ്വഫലങ്ങളുണ്ടായതായി ഓസ്ട്രേലിയയുടെ തെറപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷന് വെബ്സൈറ്റില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
കൈവേദന, തലവേദന, പനി, ജലദോഷം തുടങ്ങിയവയാണ് കാര്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഫൈസര്‍ വാക്സിനെടുത്ത മുന്നൂറോളം പേര്‍ക്ക് നെഞ്ചെരിച്ചില്‍, ആസ്ട്രസനെക്ക വാക്സീനെടുത്ത നൂറിലധികം പേര്‍ക്ക് രക്തം കട്ടപിടിക്കുന്നതടക്കമുള്ള അസുഖങ്ങള്‍ എന്നിവയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.വാക്സിനേഷന് സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ഒമ്പത് പേരാണ് ഓസ്ട്രേലിയയില്‍ ഇതുവരെ മരിച്ചത്. ഇതില്‍ ഭൂരിഭാഗവും 65 വയസ് കഴിഞ്ഞവരാണ്.
Discussion about this post