കയ്റോ: പെരുമഴ പെയ്തിറങ്ങിയപ്പോള്‍ ഈജിപ്തില്‍ നാശം വിതച്ചത് വെള്ളപ്പൊക്കമോ മണ്ണിടിച്ചിലോ മറ്റു പ്രകൃതി ദുരന്തങ്ങളോ അല്ല. ഒരു കൂട്ടം തേളുകളാണ്. ഈജിപ്തിലെ തെക്കന്‍ നഗരമായ അസ്വാനെയാണ് തേളുകള്‍ കാരണം ദുരിതം അനുഭവിച്ചത്.
കനത്തമഴയ്ക്കും കാറ്റിനും പിന്നാലെ തേളുകള്‍ കൂട്ടമായി തെരുവുകളിലേക്കിറങ്ങി. മൂന്നു പേര് തേളിന്റെ കുത്തേറ്റ് മരിച്ചു. അതേസമയം 450ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വിഷമേറിയ തേളുകളാണ് തെരുവുകളിലേക്കിറങ്ങിയത്. മനുഷ്യനെക്കൊല്ലി എന്നുകൂടി അറിയപ്പെടുന്ന ഫാറ്റ്ടെയ്ല്‍ഡ് (വലിയവാലന്‍) തേളുകളാണ് നാശം വിതച്ചത്. ആന്‍ഡ്രോക്ടോണസ് ജനുസ്സില്‍ പെടുന്നവയാണ് ഇവ.
സാഹചര്യം ഗുരുതരമാകുന്ന വേളയില്‍, ആളുകളോട് വീട്ടില്‍ത്തന്നെ കഴിയാനും മരങ്ങള്‍ കൂടുതലുള്ള പ്രദേശങ്ങളിലേക്ക് ഇറങ്ങരുതെന്നും അധികൃതര്‍ നിര്‍ദേശം നല്കി. തേളിന്റെ കുത്തേറ്റവര്‍ക്ക് ശ്വാസതടസ്സം, പേശികളില്‍ വേദന അടക്കമുള്ള ലക്ഷണങ്ങളാണ് അനുഭവപ്പെട്ടത്. ഈ തേളുകളുടെ പ്രധാന വാസസ്ഥലമാണ് ഈജിപ്ത്. കുത്തേറ്റാല്‍ ഒരുമണിക്കൂറിനുള്ളില്‍ ജീവനെടുക്കാന്‍ ശേഷിയുള്ള വിഷമാണ് ഇവയുടേത്.
Discussion about this post