വാഷിംഗ്ടണ്‍ : എച്ച്-1ബി വിസയുള്ളവരുടെ ജീവിതപങ്കാളിക്ക് തൊഴില്‍ ചെയ്യാനുള്ള വിലക്ക് നീക്കി യുഎസ്. ഇവര്‍ക്ക് യുഎസില്‍ ജോലിക്കുതകുന്ന ഓട്ടമാറ്റിക് വര്‍ക് ഓതറൈസേഷന്‍ പെര്‍മിറ്റ് നല്‍കാന്‍ ബൈഡന്‍ ഭരണകൂടം തീരുമാനിച്ചു.
അമേരിക്കന്‍ ഇമിഗ്രേഷന്‍ ലോയേഴ്‌സ് അസോസിയേന്‍(എഐഎല്‍എ) നല്‍കിയ കേസിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം. എച്ച്-1ബി വിസയുള്ളവരുടെ ജീവിതപങ്കാളിക്കും 21 വയസ്സില്‍ താഴെയുള്ള മക്കള്‍ക്കും യുഎസ് സിറ്റിസണ്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് നല്‍കുന്ന എച്ച്-4 വീസ ലഭിക്കുന്നത് ഇനി എളുപ്പമാകും.
എച്ച്-4 വിസയുള്ളവരെ ജോലിക്ക് നിയോഗിക്കുന്നതിനുള്ള രേഖകള്‍ സ്വയമേ പുതുക്കുന്നതിന് ആഭ്യന്തരസുരക്ഷാ വകുപ്പ് ഏര്‍പ്പെടുത്തിയ പരീക്ഷകള്‍ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. അപേക്ഷ നല്‍കി കാത്തിരിക്കുമ്പോള്‍ ജോലിയില്‍ തുടരാനാകില്ല എന്നതടക്കമുള്ള കടമ്പകളാണ് മിക്ക ജോലിക്കാരെയും കമ്പനികളെയും വലച്ചിരുന്നത്.
ചില മേഖലകളിലെ എച്ച്-1ബി വിസയുള്ളവരുടെ ജീവിതപങ്കാളിക്ക് ഒബാമ ഭരണകൂടം ജോലിക്ക് അനുമതി നല്‍കിയിരുന്നു. ഇതില്‍ ട്രംപ് ഭരണകൂടം നിയന്ത്രണം വരുത്തിയതിന് നിലവിലെ യുഎസ് വൈസ് പ്രസിഡന്റും ഇന്ത്യന്‍ വംശജയുമായി കമല ഹാരിസ് ഉള്‍പ്പടെയുള്ളവര്‍ ശക്തമായ എതിര്‍പ്പും പ്രകടിപ്പിച്ചിരുന്നു.