യാങ്ങൂണ്‍ : അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന് പതിനൊന്ന് കൊല്ലം തടവ് ശിക്ഷ വിധിച്ച് മ്യാന്മറിലെ പട്ടാള ഭരണകൂടം. ഫ്രണ്‍ടിയര്‍ മ്യാന്‍മര്‍ എന്ന സ്വതന്ത്ര മാധ്യമത്തിന്റെ എഡിറ്റര്‍ ഡാനി ഫെന്‍സ്റ്ററിനാണ് പട്ടാള കോടതി ശിക്ഷ വിധിച്ചത്. നിയമവിരുദ്ധമായി സംഘടിക്കല്‍, സൈന്യത്തിനെതിരായ പ്രേരണ ചെലുത്തല്‍, വിസ ചട്ടങ്ങള്‍ ലംഘിക്കല്‍, വ്യാജ വാര്‍ത്തകളുടെ പ്രചരണം എന്നിവ ചുമത്തിയാണ് ശിക്ഷ.
കഴിഞ്ഞ വര്‍ഷം കുടുംബത്തെ കാണാന്‍ നാട്ടിലേക്ക് മടങ്ങാനൊരുങ്ങവെ വിമാനത്താവളത്തില്‍ വെച്ചായിരുന്നു ഡാനിയുടെ അറസ്റ്റ്. ഇത്രയും കാലം പട്ടാളത്തിന്റെ തടങ്കലിലായിരുന്നു ഡാനി. അറസ്റ്റോട് കൂടി ഇദ്ദേഹത്തിന്റെ പത്രസ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കിയിരുന്നു.
മ്യാന്‍മറിന്റെ ഭരണം പട്ടാളം ഏറ്റെടുത്തതോടെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കടുത്ത നടപടികളാണ് സ്വീകരിക്കുന്നത്. ഭരണകൂടത്തോടുള്ള വിയോജിപ്പ് പുറത്ത് കൊണ്ട് വരാന്‍ ശ്രമിച്ചതിന് നിരവധി മാധ്യമപ്രവര്‍ത്തകരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. പട്ടാള ഭരണകൂടത്തിനെതിരെയുള്ള സമരങ്ങള്‍ക്കിടയില്‍ 1200ല്‍ പരം ആളുകളാണ് കൊല്ലപ്പെട്ടത്.