സമ്പര്‍ക്കപ്പട്ടികയിലുള്ളയാള്‍ ഷോപ്പിംഗിനെത്തി : മാളില്‍ കോവിഡ് ടെസ്റ്റ് സംഘടിപ്പിച്ച് ചൈന, പലയിടങ്ങളിലും ലോക്ഡൗണ്‍

ബെയ്ജിങ് : കോവിഡ് ബാധിതന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ളയാള്‍ ഷോപ്പിംഗിനെത്തിയതിനെത്തുടര്‍ന്ന് മാളില്‍ കോവിഡ് ടെസ്റ്റ് സംഘടിപ്പിച്ച് ചൈന. ഡോങ് ചംഗിലെ റഫ്ള്‍സ് സിറ്റി മാള്‍ അടപ്പിച്ച അധികൃതര്‍ കോവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷം മാത്രമേ അകത്തുള്ളവരെ പുറത്തേക്ക് പോകാന്‍ അനുവദിച്ചുള്ളു. കോവിഡ് ടെസ്റ്റിനായി മാളിനുള്ളില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവങ്ങള്‍ അരങ്ങേറിയത്. കോവിഡ് ബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തിയയാള്‍ മാളില്‍ പ്രവേശിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചതോടെ അധികൃതരെത്തി മാള്‍ സീല്‍ ചെയ്യുകയായിരുന്നു. അകത്തുണ്ടായിരുന്നവരെ മുഴുവന്‍ കോവിഡ് ടെസ്റ്റിന് വിധേയമാക്കുകയും ചെയ്തു.ഇതുവരെയും മാള്‍ തുറന്നിട്ടില്ല.

ഇന്നലെ ആറ് കോവിഡ് കേസുകളാണ് ചൈനയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. വടക്ക് കിഴക്കന്‍ പ്രദേശമായ ജിലിനില്‍ നിന്നുള്ള സമ്പര്‍ക്കത്തിലൂടെയാണ് ഇവ സ്ഥിരീകരിച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗ വ്യാപന ഭീതിയുള്ളതിനാല്‍ ബെയ്ജിങ്ങിലേതുള്‍പ്പടെ പലയിടങ്ങളിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version