“യുഎസുമായുള്ള ഭിന്നത പരിഹരിക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാര്‍ ” : ചൈനീസ് പ്രസിഡന്റ്

ബെയ്ജിങ് : യുഎസുമായുള്ള ഭിന്നത പരിഹരിക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്. യുഎസുമായുള്ള വിനിമയവും സഹകരണവും മെച്ചപ്പെടുത്താനും രണ്ട് ലോകശക്തികള്‍ തമ്മിലുള്ള ബന്ധം ശരിയായ പാതയിലേക്ക് തിരികെ കൊണ്ടുവരാനും ചൈന തയ്യാറാണെന്ന് ന്യൂയോര്‍ക്ക് ആസ്ഥാനമായ യുഎസ്-ചൈന റിലേഷന്‍സ് ദേശീയ സമിതിയെ അഭിസംബോധന ചെയ്ത കത്തില്‍ ഷി ജിന്‍പിങ് പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി അടുത്തയാഴ്ച വിര്‍ച്വല്‍ കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് ചൈന നിലപാട് വ്യക്തമാക്കിയത്. ബൈഡന്‍ പ്രസിഡന്റായതിന് ശേഷം ഷിയുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. തായ് വാനിലെ ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച് അമേരിക്കയ്ക്ക് ചൈനയോട് കടുത്ത അമര്‍ഷമുണ്ട്. ഇന്ത്യയില്‍ ചൈന നടത്തുന്ന കടന്നുകയറ്റ ശ്രമങ്ങളെയും അമേരിക്ക അപലപിച്ചിരുന്നു.

ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങളോടും അമേരിക്കയ്ക്ക് എതിര്‍പ്പുണ്ട്. കഴിഞ്ഞയാഴ്ച ഗ്ലാസ്‌ഗോവില്‍ നടന്ന കാലാവസ്ഥ ഉച്ചകോടിയില്‍ ചൈനയിലെ കോവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് ഷി പങ്കെടുക്കാതിരുന്നതും അമേരിക്കയെ ചൊടുപ്പിച്ചിരുന്നു. വലിയ തെറ്റ് എന്നാണ് ചൈനയുടെ നിസ്സഹകരണത്തെ അമേരിക്ക വിശേഷിപ്പിച്ചത്.

Exit mobile version