“മുപ്പത് വയസ്സിന് മുമ്പ് മലാല വിവാഹത്തെക്കുറിച്ച് ചിന്തിക്കുമെന്ന് പോലും കരുതിയില്ല” : തസ്‌ലീമ നസ്‌റിന്‍

ലണ്ടന്‍ : ഇരുപത്തിനാല് വയസ്സില്‍ മലാല യൂസഫ്‌സായി ഒരു പാകിസ്താനി യുവാവിനെ വിവാഹം കഴിച്ച വാര്‍ത്ത ഞെട്ടിച്ചുവെന്ന് ബംഗ്ലദേശി സാഹിത്യകാരി തസ്‌ലീമ നസ്‌റിന്‍. മുപ്പത് വയസ്സിന് മുമ്പ് മലാല വിവാഹത്തെക്കുറിച്ച് ചിന്തിക്കുമെന്ന് പോലും കരുതിയില്ലെന്നും പുരോഗമനാശയമുള്ള ഒരു ഇംഗ്ലീഷ് യുവാവുമായി അവര്‍ പ്രണയത്തിലാവുമെന്നാണ് കരുതിയതെന്നും തസ്‌ലീമ ട്വിറ്ററില്‍ കുറിച്ചു.

മലാല വിവാഹിതയാവുന്നതില്‍ ചില സ്ത്രീവിരുദ്ധ താലിബാന്‍കാര്‍ സന്തുഷ്ടരാണെന്നും മറ്റൊരു ട്വീറ്റില്‍ തസ്‌ലീമ അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ സാമ്പത്തികമായി സ്വതന്ത്രരാകുന്നതിന് മുമ്പ് വിവാഹം കഴിക്കരുതെന്ന് കുറിച്ച തസ്‌ലീമ വിവാഹത്തെക്കുറിച്ച് മലാല മുമ്പ് നടത്തിയ അഭിപ്രായപ്രകടനം ചൂണ്ടിക്കാട്ടി ജൂലൈയില്‍ അവര്‍ക്ക് കൂടുതല്‍ പക്വതയുണ്ടായിരുന്നുവെന്നും പറഞ്ഞു.

പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജര്‍ അസര്‍ മാലിക്കിനെയാണ് മലാല വിവാഹം ചെയ്തത്. ബ്രിട്ടണിലെ വീട്ടില്‍ വെച്ചായിരുന്നു ചടങ്ങുകള്‍. വിവാഹിതയായ വിവരം സാമൂഹികമാധ്യമങ്ങളിലൂടെ മലാല തന്നെയാണ് അറിയിച്ചത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ബിരുദധാരിയാണ് മലാല. 2014ലാണ് സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം മലാലക്ക് ലഭിക്കുന്നത്.

Exit mobile version