മുതലയുടെ ആക്രമണത്തില്‍ നിന്ന് 60കാരന് അത്ഭുത രക്ഷ. പേനാക്കത്തി കൊണ്ട് നേരിട്ടാണ് 60കാരന്‍ മുതലയുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടത്. ഓസ്‌ട്രേലിയയിലെ നോര്‍ത്തേണ്‍ കേപ് യോര്‍ക്കിലാണ് സംഭവം. ഹോപ്‌വാലിയില്‍ ചൂണ്ടയിടാന്‍ എത്തിയതായിരുന്നു മധ്യവയസ്‌കന്‍. നദിക്കരയില്‍ നിന്ന കാളയെ ഓടിച്ച് വിട്ട് അത് നിന്ന സ്ഥലത്ത് നിന്ന് ചൂണ്ടയിടാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് വലിയ മുതലയെ കണ്ടത്.
രക്ഷപെടുന്നതിന് മുമ്പ് മുതല ആക്രമിച്ചു. ചൂണ്ട ഉപയോഗിച്ച് മുതലയെ തിരിച്ച് പ്രതിരോധിക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല. മരത്തില്‍ അള്ളിപ്പിടിച്ച് കയറാന്‍ ശ്രമിച്ചെങ്കിലും ഇയാളെ മുതല വെള്ളത്തിലേയ്ക്ക് കുടഞ്ഞിട്ടു. പെട്ടെന്നാണ് അരയില്‍ പേനാക്കത്തിയുള്ള കാര്യം ഓര്‍ത്ത് ഇയാള്‍ പുറത്തെടുത്തത്. സര്‍വശക്തിയുമെടുത്ത് ആക്രമിച്ചതോടെ മുതല കടി വിട്ട് വെള്ളത്തിലേയ്ക്ക് ഊളിയിട്ട് പോവുകയായിരുന്നു.
മുതലയുടെ കടിയേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കുകളില്‍ നിന്ന് അദ്ദേഹം സുഖം പ്രാപിച്ചെങ്കിലും ആക്രമണം മൂലം മാനസികമായ ആഘാതം ഉണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ഇത്തരമൊരു രക്ഷപ്പെടല്‍ അപൂര്‍വമാണെന്ന് ക്വീന്‍സ്ലന്‍ഡ് വനംവകുപ്പ് ഉദ്യോഗസ്ഥനായ മാറ്റ് ബ്രയാന്‍ പറഞ്ഞു.