വാക്‌സിനേഷനും ലോക്ക്ഡൗണും വേണ്ട : ന്യൂസിലന്‍ഡില്‍ ആയിരങ്ങള്‍ തെരുവില്‍

വെല്ലിംഗ്ടണ്‍ : ന്യൂസിലന്‍ഡില്‍ കോവിഡ് വാക്‌സിനേഷനും ലോക്ക്ഡൗണിനുമെതിരെ പ്രതിഷേധപ്രകടനവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി. നിര്‍ബന്ധിത വാക്‌സിനേഷന്‍ പിന്‍വലിക്കണമെന്നും ലോക്ക്ഡൗണ്‍ അടക്കമുള്ള കോവിഡ് നിയന്ത്രണങ്ങള്‍ നീക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

പാര്‍ലമെന്റിലടക്കം വന്‍ പ്രതിഷേധം അരങ്ങേറിയതിനെത്തുടര്‍ന്ന് സുരക്ഷ ശക്തമാക്കി. കെട്ടിടത്തിലേക്കുള്ള രണ്ട് കവാടങ്ങളും അടച്ചിട്ടിരിക്കുകയാണ്. മാസ്‌ക് ധരിക്കാതെയാണ് ആയിരങ്ങള്‍ സെന്‍ട്രല്‍ വെല്ലിംഗ്ടണില്‍ ഇന്നലെ മാര്‍ച്ച് നടത്തിയത്. 2018 തിരിച്ചുതരണമെന്നാണ് മിക്കവരും പ്ലാക്കാര്‍ഡുകളില്‍ കുറിച്ചിരിക്കുന്നത്. സ്വന്തം ശരീരത്തില്‍ തനിക്ക് വേണ്ടാത്തൊരു വസ്തു എടുക്കാന്‍ നിര്‍ബന്ധിക്കരുതെന്നും പലരും അഭിപ്രായപ്പെടുന്നു. ലാബോറട്ടറിയിലെ എലികളല്ല ന്യൂസിലന്‍ഡ് ജനങ്ങളെന്നും പ്ലാക്കാര്‍ഡുകളുര്‍ന്നിരുന്നു.

ലോകത്ത് കോവിഡിനെ ആദ്യമായി പിടിച്ചുകെട്ടിയ രാജ്യങ്ങളിലൊന്നായിരുന്നു ന്യൂസിലന്‍ഡ്. എന്നാല്‍ കോവിഡിന്റെ ഡെല്‍റ്റ വകഭേദം രാജ്യത്തെത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടു. കഴിഞ്ഞ ദിവസമാണ് ആദ്യമായി പ്രതിദിന കോവിഡ് കേസുകള്‍ രാജ്യത്ത് 200 കടക്കുന്നത്. രാജ്യത്ത് എണ്‍പത് ശതമാനം ആളുകളും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Exit mobile version