പാരിസ് : ഫ്രഞ്ച് കത്തോലിക്കാ പള്ളിയില്‍ കുട്ടികള്‍ക്കെതിരെ വര്‍ഷങ്ങളോളം തുടര്‍ന്നു വന്ന ലൈംഗികപീഡനങ്ങള്‍ക്കുള്ള പ്രായശ്ചിത്തമെന്നോണം പ്രത്യേക പ്രാര്‍ഥന നടത്തി പുരോഹിതര്‍. പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ ലൂര്‍ദില്‍ കരയുന്ന കുട്ടിയുടെ തലയെ പ്രതിനിധീകരിക്കുന്ന ശില്പത്തിന്റെ ചിത്രത്തിന് മുന്നിലായിരുന്നു പുരോഹിതന്മാരുടെ പ്രായശ്ചിത്ത പ്രാര്‍ഥന.
ശില്പത്തിന് മുന്നില്‍ 120ഓളം ആര്‍ച്ച് ബിഷപ്പുമാരാണ് മുട്ട് കുത്തി പ്രാര്‍ഥന നടത്തിയത്. പീഡനത്തിനിരയായവരുടെ അഭ്യര്‍ഥന മാനിച്ച് ചടങ്ങുകള്‍ക്ക് പുരോഹിതന്മാര് അവരുടെ മതപരമായ വസ്ത്രം ധരിച്ചിരുന്നില്ല. ചടങ്ങില്‍ സാധാരണക്കാരും പങ്കെടുത്തിരുന്നു.
അതേസമയം ലൈംഗികാതിക്രമത്തിന് ഇരയായവരില്‍ പലരും ചടങ്ങില്‍ നിന്നും വിട്ടുനിന്നു. തങ്ങള്‍ക്ക് നീതിയാണ് വേണ്ടതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. കുട്ടിക്കാലത്ത് പുരോഹിതനില്‍ നിന്നും പീഡനം നേരിടേണ്ടി വന്ന പുരോഹിതന് ജീന്‍ മാരി ഡെല്ബോസും ചടങ്ങ് ബഹിഷ്കരിച്ചു.
1950 മുതല്‍ രണ്ട് ലക്ഷത്തോളം കുട്ടികളാണ് ഫ്രഞ്ച് കത്തോലിക്കാ പള്ളിയില്‍ പുരോഹിതരുടെ പീഡനങ്ങള്ക്കിരയായതെന്ന റിപ്പോര്‍ട്ട് വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. കത്തോലിക്കാ സഭയാകെ ചോദ്യം ചെയ്യപ്പെട്ട സംഭവത്തില്‍ നിരവധി പേരാണ് തങ്ങളുടെ ദുരനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയത്. സംഭവത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയടക്കം ഖേദം പ്രകടിപ്പിച്ചിരുന്നു.
Discussion about this post