കാബൂള്‍ : അഫ്ഗാനിസ്ഥാന് സ്വന്തമായി വ്യോമസേന രൂപപ്പെടുത്താനൊരുങ്ങി താലിബാന്. തങ്ങളുടെ കഴിവുകളും സൈനിക ഉപകരണങ്ങളും വര്ധിപ്പിക്കാനാഗ്രഹമുണ്ടെന്ന് താലിബാന് അറിയിച്ചതായി പ്രമുഖ മാധ്യമത്തെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് സേനയിലുണ്ടായിരുന്നവരെയെല്ലാം തിരിച്ചെടുക്കാനാണ് താലിബാന് നീക്കം. പുതിയ സേനയ്ക്കായി എന്തൊക്കെ ആവശ്യമുണ്ടോ അതെല്ലാം ഏര്‍പ്പെടുത്താന്‍ തങ്ങള്‍ തയ്യാറാണെന്ന് താലിബാന് അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ മുമ്പ് സേനയ്ക്കുണ്ടായിരുന്നവയില് എത്ര ഉപകരണങ്ങള്‍ പ്രവര്ത്തനയോഗ്യമാണെന്നതില് വ്യക്തതയില്ല. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ഉപകരണങ്ങള്‍ പുറത്തെടുത്താല്‍ മതി എന്ന തീരുമാനത്തിലാണ് താലിബാന് എന്നാണ് വിവരം.
നേരത്തേ ഒരു അമേരിക്കന്‍ നിര്‍മിത ഹെലിക്കോപ്റ്റര്‍ ഉള്‍പ്പടെ മൂന്ന് ഹെലിക്കോപ്റ്ററുകള്‍ താലിബാന് കാബൂള്‍ സൈനിക ആശുപത്രിയില്‍ സുരക്ഷയ്ക്കായി ഉപയോഗിച്ചിരുന്നു. താലിബാന് രാജ്യം കീഴടക്കുന്നതിന് മുമ്പ് ഇരുന്നൂറോളം യുദ്ധവിമാനങ്ങളുള്ള വ്യോമസേനയായിരുന്നു അഫ്ഗാനുണ്ടായിരുന്നത്.
Discussion about this post