ഫ്രീ ടൗണ്‍ : പടിഞ്ഞാറന്‍ ആഫ്രിക്കയിലെ സിയേറ ലിയോണില്‍ ചോര്‍ന്ന എണ്ണ ശേഖരിക്കുന്നതിനിടെ ടാങ്കര്‍ പൊട്ടിത്തെറിച്ച് നൂറിലേറെ പേര്‍ മരിച്ചു. തലസ്ഥാനമായ ഫ്രീ ടൗണില്‍ വെള്ളിയാഴ്ച രാത്രി വൈകിയാണ് സ്‌ഫോടനമുണ്ടായത്.
എണ്ണ ടാങ്കര്‍ ട്രക്കുമായി കൂട്ടിയിടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. കൂട്ടിയിടിയില്‍ ടാങ്കറില്‍ നിന്ന് വലിയ രീതിയില്‍ എണ്ണ ചോരാന്‍ തുടങ്ങി. പരിസരവാസികള്‍ ചോര്‍ന്ന എണ്ണ ശേഖരിക്കുന്നതിനിടെ ടാങ്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
മരണസംഖ്യ സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. നഗരത്തിലെ ആശുപത്രികളെല്ലാം പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് വിവരം. സംഭവസ്ഥലത്തേതെന്ന് കരുതുന്ന നിരവധി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇവയിലൊക്കെ തകര്‍ന്ന ടാങ്കറിന് സമീപം മൃതദേഹങ്ങള്‍ ചിന്നിച്ചിതറിക്കിടക്കുന്നതായി കാണാം.
സംഭവത്തെ ദേശീയദുരന്തമായി പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചികിത്സ ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.