ബെര്‍ലിന്‍ : ജര്‍മനിയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. പ്രതിദിന കേസുകളില്‍ മഹാമാരിയുടെ തുടക്കത്തിലേക്കാളും വര്‍ധനവ് രേഖപ്പെടുത്തിയതോടെ രാജ്യത്ത് നാലാം തരംഗത്തിന്റെ മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 37,120 പുതിയ കേസുകളാണ് രേഖപ്പെടുത്തിയത്. ലോകത്ത് കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം ജര്‍മനിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കൂടിയ പ്രതിദിന കേസുകളാണിത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ജര്‍മനിയില്‍ റെക്കോര്‍ഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രതിദിന കേസുകളില്‍ വന്‍ വര്‍ധവ് രേഖപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്ത് നാലാം തരംഗം ശക്തിയായി ആഞ്ഞടിക്കുകയാണെന്ന് ആരോഗ്യമന്ത്രി ജെന്‍സ് സ്പാന്‍ പറഞ്ഞു. രാജ്യത്ത് കോവിഡ് വാക്‌സീന്‍ വിതരണം മന്ദഗതിയിലായതാണ് കേസുകള്‍ വര്‍ധിക്കാന്‍ കാരണമായതെന്നും ഇതുവരെ 67ശതമാനം പേര്‍ മാത്രമേ രാജ്യത്ത് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
കേസുകള്‍ വീണ്ടും കൂടിയതോടെ മിക്ക ആശുപത്രികളിലും സൗകര്യങ്ങള്‍ മതിയാകാത്ത അവസ്ഥയാണ്.വാക്‌സീന്‍ സ്വീകരിക്കാത്തവരാണ് തീവ്രപരിചരണ വിഭാഗത്തിലുള്ള കോവിഡ് ബാധിതരില്‍ ഭൂരിഭാഗവും.