ന്യൂഡല്‍ഹി : ഇസ്രയേലി ചാര സോഫ്റ്റ് വെയര്‍ പെഗാസസിന്റെ നിര്‍മാതാക്കളായ എന്‍എസ്ഒയെ ബ്ലാക്ക്ലിസ്റ്റില് ഉള്‍പ്പെടുത്തി അമേരിക്ക. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവരില്‍ ചാരവൃത്തി നടത്താന്‍ വിദേശ സര്‍ക്കാരുകള്‍ക്ക് സോഫ്റ്റ് വെയര്‍ വില്പന നടത്തിയെന്നാരോപിച്ചാണ് നടപടി.
ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതോടെ ഈ കമ്പനിയിലേക്ക് അമേരിക്കയില്‍ നിന്നുള്ള കയറ്റുമതി നിയന്ത്രിക്കപ്പെടും. എന്‍എസ്ഒയെ കൂടാതെ കാണ്ടിരു എന്ന മറ്റൊരു കമ്പനിയെയും ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏകാധിപത്യ ഉപകരണങ്ങള്‍ക്ക് ഹാക്കിങ് ഉപകരണങ്ങള്‍ വില്‍ക്കുന്നതിന് പേര് കേട്ട കമ്പനികളാണ് എന്‍എസ്ഒയും കാണ്ടിരുവും. എന്നാല്‍ നിയമ പാലന, രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് മാത്രമാണ് തങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതെന്നാണ് എന്‍എസ്ഒയുടെ വാദം.
റഷ്യയിലെ പോസിറ്റീവ് ടെക്നോളജീസ്, സിംഗപ്പൂരിലെ കമ്പ്യൂട്ടര്‍ സെക്യൂരിറ്റി ഇനിഷ്യേറ്റീവ് എന്നീ കമ്പനികളെയും യുഎസ് ബ്ലാക്ക്ലിസ്റ്റില് ഉള്‍പ്പെടുത്തിയിട്ടുണ്ട്. റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് വേണ്ടി പ്രവര്‍ത്തിച്ചുവെന്നാരോപിച്ചാണ് പോസിറ്റീവ് ടെക്നോളജീസിനെതിരെ നടപടി. എന്നാല്‍ കമ്പനി ആരോപണം നിഷേധിച്ചു.
Discussion about this post