കാബൂള്‍ : കാബൂളില്‍ സൈനിക ആശുപത്രിക്ക് നേരെ നടന്ന ഇരട്ട സ്‌ഫോടനത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു, അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ സൈനിക ആശുപത്രിയായ സര്‍ദാര്‍ മുഹമ്മദ് ദാവൂദ് ഖാന് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്.
ആശുപത്രിയുടെ പ്രവേശന കവാടത്തിന് സമീപം രണ്ട് ബോംബ് സ്‌ഫോടനങ്ങളാണ് ആദ്യം ഉണ്ടായത്. പിന്നാലെ ആശുപത്രിക്കുള്ളില്‍ വെടിവെയ്പ്പും ഉണ്ടായതായി ദൃക്‌സാക്ഷികളും താലിബാനും സ്ഥിരീകരിച്ചു.ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല എങ്കിലും ഒരു കൂട്ടം ഇസ്ലാമിക് സ്റ്റേറ്റ് അംഗങ്ങള്‍ സംഭവം നടക്കുന്നതിന് മുമ്പ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരുമായി ഏറ്റുമുട്ടിയതായി ദൃക്‌സാക്ഷികള്‍ അറിയിച്ചിട്ടുണ്ട്.
ആശുപത്രിയില്‍ നിന്ന് വെടിയൊച്ചകള്‍ കേട്ടെന്നും അക്രമികള്‍ എല്ലാ മുറികളിലും കയറിയിറങ്ങിയെന്നും സംശയിക്കുന്നതായി ആശുപത്രിയിലെ ഡോക്ടര്‍ പ്രതികരിച്ചു.
പരിക്കേറ്റ അഫ്ഗാന്‍ സുരക്ഷാ ഭടന്മാരെയും താലിബാന്‍ പോരാളികളെയും ചികിത്സിക്കുന്ന ആശുപത്രിയിലാണ് അക്രമം ഉണ്ടായത്. മുമ്പ് 2017ലും സമാനരീതിയില്‍ ഇവിടെ ആക്രമണമുണ്ടായിരുന്നു. അന്ന് 30 പേരാണ് കൊല്ലപ്പെട്ടത്.