ഷാങ്ഹായ്: ലോകത്തെ തന്നെ ഏറ്റവും വലിയ തീം പാർക്കുകളിൽ ഒന്നായ ഡിസ്‌നിലാന്റിൽ എത്തിയ ഒരു സഞ്ചാരിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വലഞ്ഞത് മുപ്പതിനായിരത്തിലേറെ പേർ. ഷാങ്ഹായ് ഡിസ്‌നിലാൻഡിലെത്തിയ ഒരാൾക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ 33863 സഞ്ചാരികളെയാണ് അധികൃതർ പാർക്കിനകത്തിട്ട് പൂട്ടിയത്.
പിന്നീട് ഓരോരുത്തരേയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി പാർക്ക് താല്ക്കാലികമായി പൂട്ടി. പാർക്കിനകത്തേക്ക് കയറുന്നതിന് ഓരോരുത്തരും കോവിഡ് പരിശോധന നടത്തണം. ഇതിനിടയിലാണ് ഒരാൾക്ക് കോവിഡ് ഉള്ളതായി കണ്ടെത്തുന്നത്. ഞായറാഴ്ചയായിരുന്നു സംഭവം.
പാർക്ക് പൂട്ടിയതിന് പിന്നാലെ ആരോഗ്യപ്രവർത്തകരും പോലീസും സ്ഥലത്തെത്തി കൂട്ട പരിശോധന നടത്തി. പരിശോധന ഞായറാഴ്ച രാത്രി വരെ നീണ്ടു. പതിനായിരക്കണക്കിന് സന്ദർശകരാണ് ഈ സമയമത്രയും ഡിസ്‌നിലാൻഡിൽ കുടുങ്ങിക്കിടന്നത്. നെഗറ്റീവ് പരിശോധനാഫലം കിട്ടിയാൽ മാത്രമേ പാർക്കിൽ നിന്ന് പുറത്തുകടക്കാനാവൂ എന്നതിനാൽ എല്ലാവരും കാത്തിരിക്കുകയായിരുന്നു. നെഗറ്റീവ് ഫലം ലഭിച്ചവർ നിരീക്ഷണത്തിൽ കഴിഞ്ഞ് 14 ദിവസത്തിന് ശേഷം വീണ്ടും പരിശോധന നടത്തണം.
ഈ സംഭവത്തോടെ പാർക്ക് രണ്ട് ദിവസത്തേക്ക് അടച്ചിടുകയാണെന്നു അധികൃതർ അറിയിച്ചു. ചൈനയിലെ ഹാങ്ഷുവിൽ നിന്നുള്ള സഞ്ചാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പാർക്കിൽ രോഗിയുണ്ടെന്ന വിവരത്തേത്തുടർന്ന് കൂടുതൽ സഞ്ചാരികളെ പ്രവേശിപ്പിക്കില്ലെന്ന് പാർക്ക് അധികൃതർ പ്രഖ്യാപിച്ചു.