അന്റാര്‍ട്ടിക്കയിലെ ഗെറ്റ്സില്‍ അതിവേഗം ഉരുകിക്കൊണ്ടിരിക്കുന്ന ഹിമപാളിക്ക് ഗ്ലാസ്ഗോ എന്ന് പേരിട്ട് ഗവേഷകര്‍. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച 26ാം കാലാവസ്ഥാ സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്ന സ്കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോ നഗരത്തിനോടുള്ള ആദരസൂചകമായാണ് യുകെയിലെ ലീഡ്സ് സര്‍വകലാശാല ഗവേഷകര്‍ ഹിമപാളിക്ക് പേരിട്ടത്. കൂടാതെ സമ്മേളനത്തിന്റെ പ്രധാന്യം ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യവുമുണ്ട്.
ഈ പ്രദേശത്തെ മറ്റ് ഹിമപാളികള്‍ക്ക് റിയോ, ക്യോട്ടോ, പാരീസ്, സ്റ്റോക്ഹോം എന്നും പേരിടും. ആഗോളതാപനം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ട കാലാവസ്ഥാ സമ്മേളനങ്ങള്‍ നടന്ന സ്ഥലങ്ങളാണിവ. ബ്രിട്ടന്റെ നിയന്ത്രണത്തിലുള്ള ബ്രിട്ടീഷ് അന്റാര്‍ട്ടിക് ടെറിട്ടറിയില്‍പ്പെട്ട പ്രദേശമാണ് ഗെറ്റ്സ്. ഇവിടെ ഹിമപാളികള്‍ അതിവേഗം ഉരുകിയൊലിക്കുകയാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
1994 മുതല്‍ 2018 വരെയുള്ള കാലയളവില്‍ ശരാശരി 25 ശതമാനം മഞ്ഞുരുകി കടലില്‍ ചേര്‍ന്നിരുന്നു. അതായത് 126 ഒളിംപിക് വലിപ്പത്തിലുള്ള സ്വിമ്മിംഗ് പൂളുകളില്‍ ഉള്ളത്ര വെള്ളം. ഇതിന്റെ ഫലമെന്നോണം ആഗോള സമുദ്ര ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു.
Discussion about this post