പ്യോങ്യാങ് : രാജ്യത്ത് ഭക്ഷ്യക്ഷാമം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പുതിയ മാര്‍ഗങ്ങള്‍ ആവിഷ്കരിച്ച് ഉത്തരകൊറിയ. കറുത്ത അരയന്ന മാംസത്തിന്റെ ഉപഭോഗവും അരയന്നങ്ങളുടെ ബ്രീഡിങ്ങും പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍. പ്രോട്ടീന്‍ അടങ്ങിയതിനാല്‍ കറുത്ത അരയന്നത്തിന്റെ മാംസം കഴിക്കാനാണ് ഭരണകക്ഷിയുടെ കീഴിലുള്ള മാധ്യമം നിര്‍ദേശിക്കുന്നത്.
ഉത്തരകൊറിയയില്‍ ധാരാളമായി കാണപ്പെടുന്നവയാണ് കറുത്ത അരയന്നങ്ങള്‍. ഓസ്ട്രേലിയയുടെ തെക്കുകിഴക്കന്‍, തെക്കുപടിഞ്ഞാറന്‍ മേഖലകളാണ് ഇവയുടെ പ്രധാന വാസസ്ഥലം. കറുത്ത തൂവലുകളുള്ള ഇവയുടെ മാംസം അതീവ രുചികരവും ഔഷധമൂല്യമുള്ളവയുമാണെന്ന് റോഡോങ് സിന്മുന് പത്രം സാക്ഷ്യപ്പെടുത്തുന്നു. അതേസമയം ഓരോ ധാന്യമണിയും കരുതലോടെ ഉപയോഗിക്കാനും കൃഷി വ്യാപകമായി പ്രചരിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും ഭരണാധികാരി കിം ജോങ് ഉന്‍ ഉത്തരവിട്ടതായാണ് വിവരം.
കോവിഡ് മഹാമാരിയെത്തുടര്‍ന്ന് രാജ്യാതിര്‍ത്തികള്‍ അടച്ചതാണ് ഉത്തരകൊറിയ ഇപ്പോള്‍ നേരിടുന്ന ഭക്ഷണപ്രതിസന്ധിയുടെ പ്രധാനകാരണം. ഭക്ഷണം, വളം, ഇന്ധനം എന്നിവയ്ക്കായി രാജ്യം പ്രധാനമായും ആശ്രയിച്ചിരുന്നത് ചൈനയെ ആയിരുന്നു.
വരും മാസങ്ങളില്‍ റഷ്യയും ചൈനയുമായുള്ള അതിര്‍ത്തികള്‍ തുറക്കാന്‍ രാജ്യം ഉദ്ദേശിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മഹാമാരിക്ക് മുമ്പും രാജ്യം 40 ശതമാനം ഭക്ഷ്യ അരക്ഷിതാവസ്ഥയിലായിരുന്നുവെന്നും കോവിഡ് കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ രൂക്ഷമായ ഭക്ഷ്യക്ഷാമത്തിലേക്ക് നയിച്ചെന്നും ഈ മാസം ആദ്യം യുഎന്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നെങ്കിലും ഉത്തരകൊറിയ ഇത് നിഷേധിച്ചിരുന്നു.
Discussion about this post