ബീജിങ്: ഇന്ധനക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് ഡീസല്‍ റേഷനായി നല്‍കാനൊരുങ്ങി ചൈന. സപ്ലൈ നിരക്ക് കുറഞ്ഞതും വിലവര്‍ധനവുമാണ് രാജ്യത്തെ സര്‍ക്കാര്‍ പെട്രോള്‍ സ്റ്റേഷനുകള്‍ വഴി ഡീസല്‍ റേഷനായി നല്കാന് തീരുമാനം എടുക്കുന്നത്. പ്രതിസന്ധി രൂക്ഷമായ പ്രദേശങ്ങളിലാണ് നിലവില്‍ റേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്.
വാഹനങ്ങളില്‍ അടിക്കാവുന്ന ഡീസലിന്റെ അളവ് പരിധിയും നിശ്ചയിച്ചു. വടക്കന്‍ പ്രവിശ്യയിലെ ചില പ്രദേശങ്ങളില്‍ ട്രക്കുകളില്‍ ഉള്‍ക്കൊള്ളാവുന്ന ഇന്ധന പരിധിയുടെ പത്ത് ശതമാനം, 100 ലിറ്റര്‍ മാത്രമാണ് നല്‍കുന്നത്. മറ്റിടങ്ങളില്‍ ഇത് 25 ലിറ്റര്‍ എന്ന നിലയിലേയ്ക്കും വെട്ടി ചുരുക്കി.
വാഹനത്തില്‍ ഇന്ധനം നിറയ്ക്കാന്‍ ദിവസം മുഴുവന്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയാണെന്ന് പലരും പറയുന്നു. ചൈന ഊര്‍ജ മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. പെട്രോളിനും ഡീസലിനും പുറമെ കല്‍ക്കരി, പ്രകൃതി വാതകം എന്നിവയിലും രാജ്യം ക്ഷാമം നേരിടുകയാണ്. നിരവധി വ്യവസായ ശാലകളും ഇതേത്തുടര്‍ന്ന് അടഞ്ഞ് കിടക്കുകയാണ്.
ഭക്ഷ്യ, വ്യവസായ മേഖലകളേയും സാരമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി. ഇന്ധന വിലവര്‍ധനവിനെത്തുടര്‍ന്ന് വരും ദിവസങ്ങള്‍ നിത്യോപയോഗ സാധനങ്ങളുടെ വിലയും വര്‍ധിച്ചേയ്ക്കും.
Discussion about this post