കാലിഫോർണിയ: ഏറെ ദിവസമായി ഫേസ്ബുക്ക് പേര് മാറ്റുന്നുവെന്ന അഭ്യൂഹങ്ങൾ അന്തരീക്ഷത്തിലുണ്ടായിരുന്നു. ഇപ്പോഴിതാ അഭ്യൂഹങ്ങൾ അവസാനിപ്പിച്ച് ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ് ആ പേര് പുറത്തുവിട്ടിരിക്കുകയാണ്. ‘മെറ്റ’ എന്നാണ് ഈ പേര്.
മുമ്പ് സൂചിപ്പിച്ചതുപോലെ ഫേസ്ബുക്കിന്റെ പേര് മാറ്റില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പകരം, ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഒകുലസ് എന്നീ സമൂഹ മാധ്യമങ്ങളുടെ ഉടമകളായ കമ്പനിയുടെ പേരിൽ മാറ്റം വരും. ‘മെറ്റ’ എന്ന പേരിലാവും കമ്പനി ഇനി അറിയപ്പെടുക. ഫേസ്ബുക്ക് മേധാവി മാർക് സുക്കർബർഗാണ് ഇത് ഔദ്യോഗികമായി അറിയിച്ചത്.
പേരുമാറ്റം ലോകത്തിലെ ഏറ്റവും വലിയ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമിലല്ല, കമ്പനിയിലാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സുക്കർബർഗ്. ആപ്പുകളിലും ബ്രാൻഡുകളിലും മാറ്റമില്ലെന്നും പുതിയ വെർച്വൽ ലോകം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് ഇൻകോർപറേറ്റ് എന്നാണ് ഇത്രയും കാലം കമ്പനി അറിയപ്പെട്ടിരുന്നത്. ഇനി മുതൽ ‘മെറ്റ ഇൻകോർപറേറ്റ്’ എന്ന പേരിലായിരിക്കും അറിയപ്പെടുക എന്ന് സുക്കർബർഗ് വ്യക്തമാക്കി.
അടുത്തിടെ ഏഴു മണിക്കൂറിലേറെ ഫേസ്ബുക്കും വാട്‌സ്ആപ്പും അനുബന്ധ സമൂഹ മാധ്യമങ്ങളും നിശ്ചലമായ സമയത്താണ് ഫേസ്ബുക്കിന്റെ പേരു മാറ്റാൻ പോകുന്നുവെന്ന പ്രചാരണമുണ്ടായത്.
Discussion about this post